കോണ്ഗ്രസ് നേതൃത്വം മറുപടി പറയാൻ തയാറാകണം: രാഷ്ട്രീയ യുവജനതാദൾ
1548441
Tuesday, May 6, 2025 8:01 AM IST
കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യക്ക് കാരണക്കാരായ സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാന്പത്തിക വിഷയം പരിഹരിക്കുന്നത് അടക്കമുള്ള വിഷയത്തിൽ അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയ കോണ്ഗ്രസ് നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് എൻ.എം. വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും നിലനിൽപ്പ് തന്നെ വഴിമുട്ടി മാധ്യമങ്ങളോട് തുറന്നു പറയേണ്ടി വന്നു. വീട്ടിലെത്തി എല്ലാ സഹായവും പ്രശ്നപരിഹാരവും ഉറപ്പ് നൽകിയ പ്രിയങ്ക ഗാന്ധിയെ നിലവിൽ കാണാൻ പോലും അവസരം കുടുംബത്തിന് നൽകുന്നില്ല.
നാട്ടിലെ എല്ലാ വിഷയങ്ങളിലും ചാടിപ്പുറപ്പെട്ട് അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവും പാർട്ടിക്കാരെ സംരക്ഷിക്കുന്നവനാണ് താനെന്ന് പ്രസംഗിച്ചു നടക്കുന്ന കെപിസിസി പ്രസിഡന്റും അടക്കമുള്ള കോണ്ഗ്രസ് നേതാക്കൾ കുടുംബം ഉന്നയിച്ച വിഷയങ്ങളിൽ മറുപടി പറയാൻ തയാറാകണമെന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ ആവശ്യപ്പെട്ടു.
ജീവിതം മുഴുവൻ കോണ്ഗ്രസിന് വേണ്ടി മാറ്റിവച്ച എൻ.എം. വിജയനോടും കുടുംബത്തോടും കൊടും ക്രൂരതയാണ് കോണ്ഗ്രസ് കാണിക്കുന്നത്.
എൻ.എം. വിജയനും മകനും ആത്മഹത്യ ചെയ്ത സമയത്ത് വിഷയങ്ങളെല്ലാം തുറന്നുപറഞ്ഞ് രംഗത്തെത്തിയ കുടുംബത്തെ കോണ്ഗ്രസ് നേതൃത്വം അനുനയിപ്പിച്ച് കൂടെ നിർത്തി ആരോപണ വിധേയരായ പ്രതിസ്ഥാനത്തുള്ള ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയും എംഎൽഎയെയും പാർട്ടി തലത്തിൽ നടപടി എടുക്കാന്നതും എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതുമായ സാഹചര്യം മറികടന്നു. തങ്ങളുടെ പ്രതിസന്ധിയും പ്രശ്നങ്ങളും മറികടന്ന് കഴിഞ്ഞപ്പോൾ വീണ്ടും കുടുംബത്തെ ബലിയാടാക്കുന്ന അവസ്ഥയാണ് കോണ്ഗ്രസ് നേതൃത്വം ചെയ്തു കൊണ്ടിരിക്കുന്നതെന്നും രാഷ്ട്രീയ യുവജനതാദൾ ജില്ലാ കമ്മിറ്റി പറഞ്ഞു.