കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനം പ്രിയങ്കഗാന്ധി നിർവഹിക്കും
1547772
Sunday, May 4, 2025 6:23 AM IST
കൽപ്പറ്റ: വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പ്രിയങ്കാഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. വൈകുന്നേരം നാലോടെ സുൽത്താൻ ബത്തേരിയിലെത്തുന്ന പ്രിയങ്കാഗാന്ധി വയനാട് വൈൽഡ് ലൈഫ് ഡിവിഷന് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ തുക വകയിരുത്തി അനുവദിച്ച ആംബുലൻസിന്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുക്കും.
നേരത്തെ ജില്ലയിലെത്തിയപ്പോൾ പ്രിയങ്കാഗാന്ധി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ആ യോഗത്തിൽ ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പരിക്കുപറ്റിയ വന്യമൃഗങ്ങളെ ഉൾപ്പെടെ കൊണ്ടുപോകുന്നതിനായി ആംബുലൻസ് അനുവദിക്കണമെന്നത്.
പിന്നീട് എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വകയിരുത്തി ആംബുലൻസ് ലഭ്യമാക്കുകയായിരുന്നു.
രാഹുൽഗാന്ധി എംപിയായിരുന്ന സമയത്ത് സമാനആവശ്യത്തിനായി സൗത്ത് വയനാട് ഡിവിഷനും വെറ്ററിനറി ഡിപ്പാർട്ടുമെന്റിനും ആംബുലൻസ് അനുവദിച്ചിരുന്നു. ആംബുലൻസിന്റെ താക്കോൽ എംപി വൈൽഡ് ലൈഫ് വാർഡൻ വരുണ് ദാലിയക്ക് കൈമാറും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസിഎഫ് സജ്ന കരീം ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
നാലരയോടെ നൂൽപ്പുഴ കുടുംബാംരോഗ്യ കേന്ദ്രത്തിന് പ്രാദേശിക വികസനഫണ്ടിൽ നിന്നും ലഭ്യമാക്കിയ മൊബൈൽ ഡിസ്പെൻസറി വാഹനത്തിന്റെ താക്കോൽദാനവും രാഹുൽഗാന്ധി എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും എംപി നിർവഹിക്കും.
മൊബൈൽ ഡിസ്പെൻസറി വാഹനത്തിനായി എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 18 ലക്ഷം രൂപയാണ് വകയിരുത്തിയത്.
യൂണിറ്റിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഉപകരണങ്ങൾ വാങ്ങുന്നതിനായി രാഹുൽഗാന്ധി എം പി പ്രാദേശിക വികസനഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപ്രകാരമുള്ള റോബോട്ടിക് ഫിസിയോതെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും പ്രിയങ്കാഗാന്ധി നിർവഹിക്കും.
നാളെ ഉച്ചക്ക് 12.45ഓടെ കൽപ്പറ്റയിൽ പുതിയതായി ആരംഭിച്ച പാസ്പോർട്ട് സേവാകേന്ദ്രം സന്ദർശിച്ച ശേഷമായിരിക്കും എംപി ജില്ലയിൽ നിന്നും മടങ്ങുക.