കാപ്പി മോഷ്ടാക്കളെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു
1376657
Friday, December 8, 2023 1:29 AM IST
പുൽപ്പള്ളി: കൃഷിയിടത്തിൽ മോഷണം നടത്തിയ സംഘത്തെ കർഷകർ പിടികൂടി പോലീസിലേൽപ്പിച്ചു. വേലിയന്പം ഇരുമുക്കി കാട്ടുനായ്ക്ക കോളനിയിലെ ബൊമ്മൻ(65), ബിനു(39), എടക്കണ്ടി കാട്ടുനായ്ക്ക കോളനിയിലെ രാജേഷ്(32), ചുള്ളിക്കാട് കോളനിയിലെ അനീഷ് (25), മനോജ് (25) എന്നിവരെയാണ് കേണിച്ചിറ പോലീസിന് കൈമാറിയത്.
കാപ്പിക്കുന്ന് അന്പലത്തിന് സമീപത്തെ കൃഷിയിടത്തിൽ നിന്നും കഴിഞ്ഞ ദിവസം പകൽ കാപ്പിക്കുരു മോഷ്ടിക്കുന്നതിനിടെയാണ് ഇവരെ സ്ഥലമുടമകൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപെട്ടു. കാപ്പിക്കുന്ന് പാറശേരിയിൽ സാബു, ഷിബു, അന്നക്കുട്ടി എന്നിവരുടെ അഞ്ചേക്കറോളം വരുന്ന തോട്ടത്തിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കാപ്പി മോഷണം പോകുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമകൾ കാവൽനിന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. കാപ്പിച്ചെടികൾ വെട്ടിയെടുത്ത് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയാണ് കാപ്പിക്കുരു പറിച്ചെടുത്തിരുന്നത്.
അതിനാൽ കാപ്പിച്ചെടികൾ നശിച്ചു. കൃഷിയിടത്തിൽ നിന്ന് നാല് ക്വിന്റലോളം കാപ്പിക്കുരു മോഷണം പോയെന്ന് സ്ഥലമുടമകൾ പറഞ്ഞു. അടക്ക, ഇഞ്ചി, കാപ്പി, വാഴ തുടങ്ങിയ വിളകളും മോഷ്ടിക്കപ്പെടുന്നുണ്ട്.