രാജ്യത്തിന്റെ ചിന്തയിൽ നിന്നു വർഗീയ വിഷം നീങ്ങാൻ പതിറ്റാണ്ടുകൾ കഴിയണം: പറക്കാല പ്രഭാകർ
1376669
Friday, December 8, 2023 1:35 AM IST
കൽപ്പറ്റ: രാജ്യത്തിന്റെ ചിന്തയിൽനിന്നു വർഗീയ വിഷം നീങ്ങാൻ രണ്ടു പതിറ്റാണ്ടെങ്കിലും കഴിയണമെന്ന് സാന്പത്തികവിദഗ്ധനും രാഷ്ട്രീയനിരീക്ഷകനുമായ പറക്കാല പ്രഭാകർ. എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാർഥം കൈനാട്ടി പദ്മപ്രഭാഗ്രന്ഥാലയത്തിൽ സെക്യുലർ കളക്ടീവിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനത്തിൽ "മതേതരത്വം നേരിടുന്ന പ്രതിസന്ധി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ രാഷ്ട്രീയ പാർട്ടികളും ഞങ്ങളും ഹിന്ദുക്കളാണെന്ന് പറയുന്ന നിർണായക വഴിത്തിരിവിലാണ് ഇന്ത്യൻ രാഷ്ട്രീയം. ജീവിക്കണമെങ്കിൽ ഞങ്ങൾക്കുകീഴിൽ ജീവിക്കുകയെന്ന നിലപാടിലേക്ക് ബിജെപി മാറി. മതേതരത്വം വീരേന്ദ്രകുമാർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളിൽ ഒന്നായിരുന്നുവെന്നും പറക്കാല പ്രഭാകർ പറഞ്ഞു. ഡോ.ടി.പി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് ടി.ബി. സുരേഷ് "ആരൂഡം വളഞ്ഞ നവ ഇന്ത്യ’ എന്ന പുസ്തകം സൂപ്പി പള്ളിയാലിനു നൽകി പ്രകാശനം ചെയ്തു. പറക്കാല പ്രഭാകരനെ സി.വി. ജോയി പൊന്നാടയണിയിച്ചു. ഡോ.കെ.ടി.അഷ്റഫ്, ടി.വി.രവീന്ദ്രൻ, കെ.പ്രകാശൻ, ഇ.ശേഖരൻ എന്നിവർ പ്രസംഗിച്ചു.