മാലിന്യ സംസ്കരണം: ലൈസൻസ് പുതുക്കില്ലെന്ന് വ്യാപാരി ഏകോപന സമിതി
1376927
Saturday, December 9, 2023 12:58 AM IST
കൽപ്പറ്റ: മാലിന്യ സംസ്കരണ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കു മുന്നറിയിപ്പുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഘടകം. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വ്യാപാരികളെ ദ്രോഹിക്കുന്നവിധം അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നതും പിഴയുടെ പേരിൽ പിടിച്ചുപറി നടത്തുന്നതും തുടർന്നാൽ മുനിസിപ്പൽ-പഞ്ചായത്ത് ലൈസൻസ് പുതുക്കൽ ബഹിഷ്കരിക്കുമെന്നാണ് സമിതിയുടെ മുന്നറിയിപ്പ്.
ഓണ്ലൈൻ വ്യാപാരികൾക്കും തെരുവോരക്കച്ചവടക്കാർക്കും വൻകിടക്കാർക്കും ബാധകമല്ലാത്ത മാലിന്യ മുക്ത നവകേരള സത്യപ്രസ്താവനയുമായി സമിതി സഹകരിക്കില്ലെന്ന് ജില്ലാ ഭാരവാഹികളായ കെ.കെ. വാസുദേവൻ, ഒ.വി. വർഗീസ്, ഇ. ഹൈദ്രു, കെ. ഉസ്മാൻ, കെ.ടി. ഇസ്മയിൽ, ജോജിൻ ടി. ജോയ്, നൗഷാദ് കാക്കവയൽ, കന്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, ശ്രീജ ശിവദാസ്, പി.വൈ. മത്തായി, അഷറഫ് കൊട്ടാരം, ഇ.ടി. ബാബു, സി.വി. വർഗീസ്, സംഷാദ് ബത്തേരി എന്നിവർ പറഞ്ഞു.
ഹരിതകർമസേനയ്ക്കു ലഭിക്കുന്ന വേതനത്തിന്റെ പകുതിപോലും ചെലവ് കിഴിച്ച് വരുമാനം ലഭിക്കാത്ത വ്യാപാരികൾ കച്ചവടം നിർത്താൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ സങ്കുചിത മനോഭാവം ഉദ്യോഗസ്ഥർ അവസാനിപ്പിക്കണം. ഉയർന്ന വേതനവും ബത്തയും വാങ്ങുന്ന ശുചിത്വ മിഷൻ-പഞ്ചായത്ത് ഉദ്യോഗസ്ഥർ വ്യാപാരികളുടെ ദൈന്യം തിരിച്ചറിയണം. മാലിന്യ നിർമാർജനത്തിന്റെ പേരിൽ സത്യപ്രസ്താവന വ്യാപാരികളിൽ അടിച്ചേൽപ്പിക്കുന്നതിനുമുന്പ് മതിയായ ബോധവത്കരണം നടത്തണം.
മാലിന്യം വൃത്തിയാക്കി തരംതിരിച്ച് വയ്ക്കാൻ ഓരോ കടയ്ക്കും മുന്നിൽ മൂന്ന് ബിൻ സ്ഥാപിക്കണമെന്ന നിർദേശം പ്രയാഗികമല്ല. പൊതുജനങ്ങൾക്ക് മാലിന്യ നിക്ഷേപത്തിനു കടകൾക്ക് മുന്നിൽ സൗകര്യമൊരുക്കണമെന്ന നിർദേശം അംഗീകരിക്കാൻ കഴിയില്ല.
ടൗണും പാതയോരങ്ങളും സ്ഥിരം മലീനികരിക്കുന്ന തൊരുവോരക്കച്ചവടവും മറ്റും നിയന്ത്രിക്കാൻ അധികാരികൾ തയാറകണം. തുറന്നുവച്ച വ്യാപാര സ്ഥാപനങ്ങളിൽ മാത്രം കയറി പരിശോധന നടത്തുന്ന ഇരട്ടത്താപ്പ് ഉദ്യോഗസ്ഥർ അവസാനിപ്പിക്കണം.
പ്ലാസ്റ്റിക്കിന്റെ പേരിൽ കുറച്ചുകാലമായി വ്യാപാരികളെ മാത്രം ദ്രോഹിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്ലാസ്റ്റിക് ഉത്പാദകർക്കും ഉപഭോക്താക്കൾക്കും എതിരേ നടപടി സ്വീകരിക്കാത്തത് വിചിത്രമാണ്. കുത്തക കന്പനികൾ പ്ലാസ്റ്റിക് കവറിലാക്കി ലഭ്യമാക്കുന്ന ഉത്പന്നങ്ങൾ വിൽക്കുന്നത് കുറ്റകരമെങ്കിൽ സംസ്ഥാനത്ത് വ്യാപാരംതന്നെ നിരോധിക്കുകയാണ് അഭികാമ്യം.
ഭീമമായ ഫീസുകൾ അടച്ച് സ്വയം തൊഴിൽ കണ്ടെത്തുകയും അനേകർക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന വ്യാപാരികളെ സംരക്ഷിക്കേണ്ട ഭരണകൂടം ദ്രോഹ നടപടികൾ അവസാനിപ്പിക്കണം. മൂലധന വ്യത്യാസം കണക്കിലെടുക്കാതെ ലൈസൻസുകൾക്ക് ഒരേ ഫീസ് ഈടാക്കുന്ന നിലപാട് തിരുത്തണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.