സിബിഎസ്ഇ ജില്ലാ കായിക മേള: കാറ്റഗറി ഒന്നിൽ കൽപ്പറ്റ ഡി പോൾ ജേതാക്കൾ
1376935
Saturday, December 9, 2023 1:08 AM IST
കൽപ്പറ്റ: മരവയൽ എം.കെ ജിനചന്ദ്രൻ സ്മാരക സ്റ്റേഡിയത്തിൽ നടന്ന സിബിഎസ്ഇ ജില്ലാ കായികമേളയിൽ കാറ്റഗറി ഒന്നിൽ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ ജേതാക്കളായി. മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂളിനാണ് രണ്ടാം സ്ഥാനം.
ബത്തേരി നിർമല മാതാ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാറ്റഗറി രണ്ടിൽ മാനന്തവാടി ഹിൽ ബ്ലൂംസ് ഒന്നാമതെത്തി. കൽപ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്കൂളും ബത്തേരി നിർമല മാതായും രണ്ടാം സ്ഥാനം പങ്കിട്ടു. മുട്ടിൽ ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമി മൂന്നാം സ്ഥാനം നേടി.
കാറ്റഗറി മൂന്നിൽ മൂലങ്കാവ് ഗ്രീൻ ഹിൽസാണ് ജേതാക്കൾ. പുൽപ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം കൽപ്പറ്റ ഡി പോളും മുട്ടിൽ ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയും വീതിച്ചു.കാറ്റഗരി നാലിൽ ബത്തേരി ഭവൻസ് വിദ്യാമന്ദിറിനാണ് ഒന്നാം സ്ഥാനം. മൂലങ്കാവ് ഗ്രീൻ ഹിൽസും കണിയാരം സാൻജോ പബ്ലിക് സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു.
കൽപ്പറ്റ ഡി പോൾ മൂന്നാം സ്ഥാനം നേടി. കാറ്റഗറി അഞ്ചിൽ മാനന്തവാടി ഹിൽ ബ്ലൂംസ്, കൽപ്പറ്റ ഡി പോൾ, ബത്തേരി ഭവൻസ് വിദ്യാമന്ദിർ എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി.
സമാപന സമ്മേളനം ഡപ്യൂട്ടി കളക്ടർ കെ. അജീഷ് ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണം അദ്ദേഹം നിർവഹിച്ചു. സഹോദയ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.യു. ജോസഫ്, സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡീന ജോണ്‍ എന്നിവർ പ്രസംഗിച്ചു. 19 വിദ്യാലയങ്ങളിൽനിന്നുള്ള 1,500 കുട്ടികളാണ് മേളയിൽ മാറ്റുരച്ചത്.