’സ്റ്റെബിൻ ജോണിന്റെ മരണത്തിലെ ദുരൂഹത നീക്കണം’
1376936
Saturday, December 9, 2023 1:08 AM IST
കൽപ്പറ്റ: പുൽപ്പള്ളി ശശിമല ചോലിക്കര വടക്കേകണ്ണമംഗലത്ത് സ്റ്റെബിൻ ജോൺ(29)പിണങ്ങോട് റോഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി അനസ്തേഷ്യ നൽകിയതിനു പിന്നാലെ മരിച്ച സംഭവത്തിൽ ദുരൂഹത അകറ്റണമെന്ന് യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് ആവശ്യപ്പെട്ടു.
മൂക്കിൽ വളർന്ന ദശ നീക്കം ചെയ്യുന്നതിനു ഡിസംബർ ഒന്നിനു രാവിലെ ആശുപത്രിയിലെത്തിയ സ്റ്റെബിന് ഉച്ചയോടെയാണ് അനസ്തേഷ്യ നൽകിയത്. അബോധാവസ്ഥയിലായ യുവാവ് വൈകുന്നേരത്തോടെ മരിച്ചു. അന്ന് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയ ബന്ധുക്കൾ പിറ്റേന്ന് സംസ്കരിച്ചു.
ഇതിനുശേഷം ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്ക് പരാതി നൽകി. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനു വിധേയമാക്കിയത്. റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളൂ.
സ്റ്റെബിനിൽ പ്രീ അനസ്തേഷ്യ പരിശോധനകൾ നടത്തിയിട്ടുണ്ടോ, ആന്റി ഡോസ് ഉൾപ്പെടെ മരുന്നുകൾ തയാറായിരുന്നോ, നൽകിയോ, ഹൃദയാഘാതം ഉണ്ടായശേഷം അടിയന്തര വൈദ്യസഹായം ശരിയായ വിധത്തിൽ ലഭിച്ചോ എന്നീ കാര്യങ്ങൾ വിശദമായി പരിശോധിച്ചാൽ മാത്രമേ ചികിത്സയിലെ പിഴവാണോ മരണകാരണമെന്നു വ്യക്തമാകൂവെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധർ പറയുന്നത്.
ആശുപത്രിക്കും സ്റ്റെബിനു അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരേയും നിരവധി പരാതികളാണ് ഉയരുന്നത്. ഡോക്ടർക്ക് അനസ്തീഷ്യോളജിസ്റ്റ് എന്ന നിലയിൽ രജിസ്ട്രേഷനും കേരളത്തിൽ പ്രാക്ടീസ് ചെയ്യാൻ ആവശ്യമായ അനുമതിയും ഉണ്ടോയെന്നു പരിശോധിക്കണം.
സർക്കാർ ആതുരസേവന രംഗത്തെ അപരാപ്തതയാണ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ പ്രധാനമായും എത്തിക്കുന്നത്. ആരോഗ്യരംഗത്ത് ജില്ലയെ ഭരണാധികാരികൾ അവഗണിക്കുകയാണ്. ഗവ.മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തനസജ്ജമായിരുന്നെങ്കിൽ സ്റ്റെബിൻ ചികിത്സയ്ക്കു സ്വകാര്യ ആശുപത്രിയിൽ എത്തുമായിരുന്നില്ല.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലുള്ള ആരോഗ്യപ്രവർത്തകർക്ക് മതിയായ യോഗ്യതയും സർട്ടിഫിക്കറ്റും ഉണ്ടോയെന്ന് അന്വേഷിക്കാൻ മെഡിക്കൽ രംഗത്തെ ഉന്നതർ തയാറാകണം. ജില്ലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ആരോഗ്യസ്ഥാപനങ്ങളിലെയും ലാബറട്ടറികളും മെഡിക്കൽ ഉപകരണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി സുരക്ഷിതത്വം ഉറപ്പുവരുത്തണം.
സ്റ്റെബിന്റെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുന്ന മുറയ്ക്ക് കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമരത്തിനു നേതൃത്വം നൽകാൻ യൂത്ത് കോണ്ഗ്രസ് നിർബന്ധിതമാകുമെന്നും ഡിന്റോ ജോസ് പറഞ്ഞു.