വെള്ളമുണ്ടയിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 25ന് തുടങ്ങും
1377360
Sunday, December 10, 2023 4:37 AM IST
കൽപ്പറ്റ: വെള്ളമുണ്ടയിൽ ചാൻസലേഴ്സ് ക്ലബ് സൗദി അറേബ്യയിലെ റിമാൽ ഗ്രൂപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ്(ആരവം സീസണ് മൂന്ന്)25ന് തുടങ്ങും. 20 ദിവസം നീളുന്ന ടൂർണമെൻറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 20 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പി.കെ. അമീൻ, ജനറൽ കണ്‍വീനർ ജംഷീർ കുനിങ്ങാരത്ത്, ട്രഷറർ കെ.കെ. സുരേഷ്, റിമാൽ ഗ്രൂപ്പ് പ്രതിനിധി സാബു പി. ആന്റണി, മുജീബ്, ഹാരിസ്, ജിൽസ്, കെ.കെ. ഇസ്മയിൽ, ടി. അസീസ്, റഷീദ്, റഫീഖ് വെള്ളമുണ്ട എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം എട്ടിനാണ് മത്സരം. ദിവസം ഒരു കളിയാണ് ഉണ്ടാകുക. 6,000 പേർക്ക് ഇരിക്കാവുന്ന ഗാലറി സജ്ജമാക്കിയിട്ടുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ കളി തുടങ്ങുന്നതുവരെ കലാ-സാസ്കാരിക പരിപാടികൾ നടത്തും. ടൂർണമെന്റ് നടത്തിപ്പിലൂടെ ലഭിക്കുന്ന മിച്ചം വൃക്കരോഗികളെ സാന്പത്തികമായി സഹായിക്കുന്നതിനും ക്ലബിനു സ്ഥലം വാങ്ങുന്നതിനും വിനിയോഗിക്കും. പ്രഥമ ടൂർണമെന്റിലൂടെ ലഭിച്ച മിച്ചം അഞ്ച് നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുന്നതിനാണ് ചെലവഴിച്ചത്. രണ്ടാമത് ടൂർണമെന്റിൽ ബാക്കിവന്നതിൽ 1.85 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.