പുൽപ്പള്ളിയിൽ എഐ കാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യം
1377361
Sunday, December 10, 2023 4:37 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി ടൗണുകളിൽ എഐ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. റോഡ് സുരക്ഷാ നിയമങ്ങളുടെ പാലനം ഉറപ്പുവരുത്തുന്നതിനും ലഹരിവസ്തു കടത്തിനു തടയിടുന്നതിനും എഐ കാമറകൾ സഹായകമാകുമെന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ 27 എഐ കാമറകളാണ് സ്ഥാപിച്ചത്. ഇതിൽ പുൽപ്പള്ളിക്ക് ഏറ്റവും അടുത്തുള്ളത് 10 കിലോമീറ്റർ അകലെ കേണിച്ചിറയിലാണ്. കർണാടകയുമായി അതിർത്തി പങ്കിടുന്ന പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
കഞ്ചാവ് അടക്കം ലഹരിവസ്തുക്കൾ കർണാടകയിൽനിന്നു മുള്ളൻകൊല്ലി, പുൽപ്പള്ളി വഴി കടത്തുന്നുണ്ട്. വ്യാജ നന്പർ പ്ലേറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലാണ് ലഹരി കടത്ത്. ബൈക്ക് അടക്കം വാഹനങ്ങൾ അതിവേഗത്തിൽ ഓടിക്കുന്നതു ഇവിടങ്ങളിൽ പതിവുകാഴ്ചയാണ്.
ബത്തേരി-പുൽപ്പള്ളി, കാപ്പിസെറ്റ്-പയ്യന്പള്ളി റോഡുകളിൽ മിന്നൽ വേഗതയിലാണ് വിദ്യാർഥികളടക്കം യുവാക്കൾ ബൈക്ക് ഓടിക്കുന്നത്. എഐ കാമറകൾ സ്ഥാപിക്കുന്നതിൽ തടസം ഉണ്ടെങ്കിൽ മോട്ടോർ വാഹന വകുപ്പും പോലീസും മേഖലയിൽ പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാരുടെ നിർദേശം.