മോ​ദി​യു​ടെ ഗാ​ര​ന്‍റി സീ​റോ ഗാ​ര​ന്‍റി​യെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി
Sunday, April 21, 2024 5:11 AM IST
ആല​പ്പു​ഴ: മോ​ദി​യു​ടെ ഗാ​ര​ന്‍റി സീ​റോ ഗാ​രന്‍റിയാ​ണെ​ന്ന്‌ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി എ.എം. ആ​രി​ഫിന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ആ​ല​പ്പു​ഴ ഇ​എം​എ​സ്‌ സ്റ്റേഡി​യ​ത്തി​നു സ​മീ​പം സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യെ​ച്ചൂ​രി.

മോ​ദി ഗാ​ര​ന്‍റി ന​ൽ​കി​യ​തൊ​ന്നും പ​ത്തുവ​ർ​ഷ​ത്തി​നി​ടെ ന​ട​പ്പാ​ക്കി​യി​ല്ല. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളാ​യ സ​മൂ​ഹ്യ​നീ​തി, മ​തേ​ത​ര​ത്വം, പാ​ർ​ല​മെന്‍റ​റി ജ​നാ​ധി​പ​ത്യം, ഫെ​ഡ​റ​ലി​സം, ഭ​ര​ണ​ഘ​ട സ്ഥാ​പ​ന​ങ്ങ​ളാ​യ പാ​ർ​ല​മെ​ന്‍റ്, നി​യ​മ​സം​വി​ധാ​നം, ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ, അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യെ ആ​കെ ത​ക​ർ​ത്ത്‌ സ്വ​ന്തം താ​ത്പര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് മോ​ദി.

ഇ​തു തി​രി​ച്ച​റി​ഞ്ഞാ​ണ് അ​ർ​ഹ​ത​പ്പെ​ട്ട വി​ഹി​തം ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​തി​നെ​തി​രേ കേ​ര​ളം സു​പ്രീം കോ​ട​തി​യി​ൽ എ​ത്തി​യ​ത്‌. അ​ത്‌ മാ​തൃ​ക​യാ​ക്കി മ​റ്റ്‌ പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ളും മു​ന്നോ​ട്ടു​വ​ന്നു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ പ്ര​തി​പ​ക്ഷ​ത്തെ ഇ​ല്ലാ​താ​ക്കി നാ​ടി​നെ ഹി​ന്ദു രാ​ഷ്‌​ട്രം സ്ഥാ​പി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് ന​ട​ത്തു​ന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.