മ​കന്‍റെ ഓ​ർ​മ​യ്ക്കാ​യി ഫു​ട്ബോ​ൾമേ​ള സം​ഘ​ടി​പ്പി​ച്ച് പി​താ​വും കു​ടും​ബ​വും
Sunday, April 28, 2024 7:18 AM IST
എരു​മ​പ്പെ​ട്ടി: അ​കാ​ല​ത്തി​ൽ വി​ട്ടുപി​രി​ഞ്ഞ മ​ക​ന്‍റെ ആ​ഗ്ര​ഹസ​ഫ​ലീ​ക​ര​ണ​ത്തി​നാ​യ് ഫു​ട്ബോ​ൾ മേ​ള സം​ഘ​ടി​പ്പി​ച്ച് പി​താ​വും കു​ടും​ബ​വും. 15 വ​യ​സു​കാ​ര​നാ​യ ദാ​നി​യ​ൽ ഹം​സ​യു​ടെ ഓ​ർ​മ​യ്ക്കായാ​ണ് പി​താ​വ് ഷെ​ഫി​നും മാ​തൃസ​ഹോ​ദ​ര​ങ്ങ​ളാ​യ മി​ർ​ഷാ​ദും മി​സ്‌വ​ലും ചേ​ർ​ന്ന് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.

കൊ​ച്ച​ന്നൂ​ർ വ​ലി​യ​വീ​ട്ടി​ൽ ഷെ​ഫി​ൻ-​മി​ർ​സാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് 15 വ​യ​സു​കാ​ര​നാ​യ ദാ​നി​യ​ൽ ഹം​സ. പെ​രു​മ്പി​ലാ​വ് അ​ൻ​സാ​ർ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ദാ​നി​യ​ൽ ഹം​സ​യ്ക്ക് 2023 ഒാ​ഗ​സ്റ്റി​ലാ​ണ് ബോ​ൺ കാ​ൻ​സ​ർ ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.
കോ​ഴി​ക്കോ​ട് എംവി​ആ​ർ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ തു​ട​ര​വേ 2024 മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ്രി​യ​പ്പെ​ട്ട​വ​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി ദാ​നി​യ​ൽ ഈ ​ലോ​ക​ത്തോ​ടു വി​ട പ​റ​ഞ്ഞു.

ഫു​ട്ബോ​ളി​നെ അ​തി​ര​റ്റ് പ്ര​ണ​യി​ച്ചി​രു​ന്ന ദാ​നി​യ​ലി​ന് ന​ല്ല ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നാ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. മ​ര​ണം ആ​സ​ന്ന​മാ​യ സ​മ​യ​ത്തും മാ​താ​പി​താ​ക്ക​ളു​ടേ​യും തന്‍റെ സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി​യാ​യ മാ​തൃസ​ഹോ​ദര​ങ്ങ​ളു​ടേ​യും കൈപി​ടി​ച്ച് ദാ​നി​യ​ൽ ഏ​റെ സം​സാ​രി​ച്ച​തും ഫു​ട്ബോ​ളി​നെക്കുറി​ച്ചാ​ണ്.

മു​റി​ച്ചുമാ​റ്റി​യ കാ​ലി​നു പ​ക​രം കൃ​ത്രി​മ​കാ​ൽ വ​ച്ച് താ​ൻ ഫു​ട്ബോ​ൾ ക​ളി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും ദാ​നി​യ​ൽ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വീ​ട്ടു​കാ​രു​ടെയും കൂ​ട്ടു​കാ​രു​ടെ​യും പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്തുകൊ​ണ്ടാ​ണ് ദാ​നി​യ​ൽ വി​ടപ​റ​ഞ്ഞ​ത്.

ദാ​നി​യ​ലി​ന്‍റെ ആ​ഗ്ര​ഹപൂ​ർ​ത്തീ​ക​ര​ണ​ത്തി​നുവേ​ണ്ടി​യാ​ണ് പി​താ​വ് ഷെ​ഫി​നും ഉ​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ​മാ​രാ​യ ക​ട​ങ്ങോ​ട് ശ​ങ്ക​ര​ത്തുവ​ള​പ്പി​ൽ മു​ഹ​മ്മ​ദ് മി​ർ​ഷാ​ദും, മി​സ്‌വ​ലും ചേ​ർ​ന്ന് ഡി.എ​ച്ച്.​ മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. എ​രു​മ​പ്പെ​ട്ടി യു​ണൈ​റ്റ് ട​ർ​ഫി​ൽ ന​ട​ന്ന മ​ത്സ​രം കാ​യി​കഅ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച് കൃ​ത്രി​മ​ക്കാലി​ന്‍റെ പ​രി​മി​തി​യെ മ​റി​ക​ട​ന്ന് ബോ​ഡി ബി​ൽ​ഡിം​ഗി​ൽ മി​സ്റ്റ​ർ കേ​ര​ള, മി​സ്റ്റ​ർ തൃ​ശൂ​ർ എ​ന്നീ ത​ല​ങ്ങ​ളി​ൽ ര​ണ്ടാംസ്ഥാ​നം നേ​ടി​യ പ​ഴ​ഞ്ഞി മ​ങ്ങാ​ട് സ്വ​ദേ​ശി​യും കു​ന്നം​കു​ളം ബോ​യ്സ് സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യു​മാ​യ ഹ​രികൃ​ഷ്ണ മു​ഖ്യാ​തി​ഥി​യാ​യി.

ര​ണ്ടുദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ താ​ജ് പ​ന്നി​ത്ത​ടം വി​ന്നേ​ഴ്സും, നാ​ട​ൻ​സ് വാ​ടാ​ന​പ്പിള്ളി റ​ണ്ണേ​ഴ്സു​മാ​യി.