താരസംഘടനയായ അമ്മയുടെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യയെ പിരിച്ചുവിട്ടത് വാർത്തകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ചൊവ്വാഴ്ച ചേർന്ന് എക്സിക്യുട്ടീവ് യോഗത്തിന് ശേഷം അതുല്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി സംഘടന റദ്ദാക്കിയിരുന്നു.
ട്രഷറർ ഉണ്ണി ശിവപാലിൽ നിന്ന് കടുത്ത മാനസിക പീഡനവും തൊഴിൽ പീഡനവും നേരിട്ടതായി അതുല്യ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും ലേബർ ഓഫിസർക്കും പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണവിധേയനായ ട്രഷറർ ഉണ്ണി ശിവപാലിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി നിർദ്ദേശിച്ചു.
രാത്രി വൈകിയും ഉണ്ണി ഫോണിലൂടെ ശല്യം ചെയ്തിരുന്നതായും മറ്റുപല കാര്യങ്ങളും യുവതി വെളിപ്പെടുത്തിയിരുന്നു. പീഡനവിവരം ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനോട് പറഞ്ഞപ്പോൾ, ‘ഉണ്ണിയെ പിണക്കരുത്’ എന്ന ഉപദേശമാണ് ലഭിച്ചതെന്നും അതുല്യ മാധ്യമങ്ങളോട് പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെ തന്നെ ഏകപക്ഷീയമായി ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
അമ്മയിൽ നിന്ന് പുറത്താക്കപ്പെട്ട അതുല്യയുടെ പരാതി ഇങ്ങനെയായിരുന്നു.
‘‘കുക്കു പരമേശ്വരൻ ആയിരുന്നു എന്നെ ഇന്റർവ്യൂ ചെയ്തത്. എന്നാൽ ജോലിയിൽ കയറിയതിന്റെ അടുത്ത ദിവസം മുതൽ ട്രഷറർ ഉണ്ണി ശിവപാൽ പറയുന്നുണ്ടായിരുന്നു, കുക്കു നിങ്ങളെ ഇന്റർവ്യൂ ചെയ്തത് അൺപ്രഫഷണൽ ആയിട്ടാണെന്ന്. എന്നെ ജോലിക്ക് എടുത്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എന്ന രീതിയിലാണ് ആദ്യം പറഞ്ഞു തുടങ്ങിയത്.
പിന്നീട് ഓരോ ദിവസവും ഓരോ കാരണങ്ങൾ കണ്ടുപിടിച്ച് വഴക്ക് പറയുക എന്നത് പതിവായി. പ്രശ്നങ്ങൾ ഉണ്ടാക്കി എന്നെ വഴക്ക് പറഞ്ഞ് സങ്കടപ്പെടുത്തും. ഞാൻ സങ്കടപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കഴിയുമ്പോൾ എനിക്ക് മാനസികമായി എന്തോ പ്രശ്നമുണ്ട് എന്ന രീതിയിലാണ് പുള്ളി അത് അവതരിപ്പിക്കുന്നത്.
ബാങ്കിങും അക്കൗണ്ട്സും ഒക്കെ നോക്കുന്നത് പുള്ളിയാണ്. ഫ്രണ്ട് ഓഫിസ് എക്സ്പെൻസും മറ്റ് കണക്കുകളുമാണ് ഞാൻ നോക്കുന്നത്. അദ്ദേഹം വരുത്തുന്ന മിസ്റ്റേക്കുകൾ പോലും എന്റെ തലയിൽ കെട്ടിവയ്ക്കാനും മീറ്റിംഗുകളിൽ അങ്ങനെ അവതരിപ്പിക്കാനും ശ്രമിക്കുന്നതായി തോന്നി. ഇത് പ്രസിഡന്റിനോട് പറഞ്ഞപ്പോൾ, അവരുടെ നിർദ്ദേശപ്രകാരം സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, ഞാൻ എന്നിവരടങ്ങുന്ന ഒരു ഒഫിഷ്യൽ ഗ്രൂപ്പ് ഉണ്ടാക്കി കമ്മ്യൂണിക്കേഷൻ അതിലൂടെ മാത്രമാക്കാം എന്ന് തീരുമാനിച്ചു.
രാവിലെ ഒൻപത് മണി മുതൽ അഞ്ചുമണി വരെയാണ് ഡ്യൂട്ടി ടൈം പറഞ്ഞിരുന്നത്. പക്ഷേ ഒരു ദിവസം പോലും ഞാൻ അഞ്ച് മണിക്ക് പോയിട്ടില്ല, അത് എന്റെ അറ്റൻഡൻസ് നോക്കിയാൽ മനസിലാകും. ഒരുപാട് സമയം അവിടെ തന്നെ ജോലി ചെയ്യിപ്പിക്കും. വീട്ടിൽ വന്നാലും രാത്രി 9 മണി കഴിഞ്ഞും 12 മണിക്കും ഒക്കെ വാട്സാപ്പിൽ തുടർച്ചയായി മെസേജുകൾ അയക്കുകയും കോൾ ചെയ്യുകയും ചെയ്യും. ഈ മെസ്സേജുകളെല്ലാം എന്റെ കൈയിലുണ്ട്.
ബുദ്ധിമുട്ട് സഹിക്കവയ്യാതെ പരാതി പറഞ്ഞപ്പോൾ, "അദ്ദേഹം ലോൺലിനെസ് (ഒറ്റപ്പെടൽ) അനുഭവിക്കുന്ന ആളാണ്, അതുകൊണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്യണം’ എന്നാണ് കുക്കു പരമേശ്വരൻ മറുപടി നൽകിയത്. പുള്ളി ഹാപ്പിയല്ലെങ്കിൽ എന്നെ പറഞ്ഞുവിടും എന്ന് ജോലിയിൽ കയറിയ നാൾ മുതൽ ഞാൻ കേൾക്കുന്ന ഭീഷണിയാണ്. അദ്ദേഹത്തെ ഹാപ്പി ആക്കാൻ എനിക്ക് പറ്റിയിട്ടുണ്ടാവില്ല, അതുകൊണ്ടായിരിക്കാം എനിക്ക് ഈ ടെർമിനേഷൻ തന്നത്.
മെമ്പേഴ്സ് വന്നാൽ, എന്നോട് മുൻപരിചയമുള്ളവരായാലും അല്ലെങ്കിലും എന്നോട് അടുപ്പത്തോടെ സംസാരിച്ചാൽ അവിടെയും പ്രശ്നമുണ്ടാക്കും. എന്നെ മാറ്റി നിർത്തി വിളിച്ച് ‘നിങ്ങൾ വേറെയാണ്, ഞങ്ങൾ ആർട്ടിസ്റ്റുകളാണ്’ എന്ന് പറഞ്ഞ് വിവേചനപരമായ രീതിയിൽ ശകാരിക്കുമായിരുന്നു.
ഞായറാഴ്ച ദിവസങ്ങളിൽ പോലും വിളിച്ചുവരുത്തി ചായ ഇടീപ്പിക്കും. ഒരു നടി വരുമ്പോൾ അവർക്ക് ചായ ഉണ്ടാക്കാനും അവർ വരുമ്പോൾ അവരോട് വളരെ നല്ല രീതിയിൽ പെരുമാറണം എന്ന് പറഞ്ഞ് എനിക്ക് അയച്ച മെസേജുകൾ കൈയിലുണ്ട്. സെക്യൂരിറ്റി ഇല്ലാത്തപ്പോൾ ഓഫിസ് തുറക്കാനും അടയ്ക്കാനും ടോയ്ലറ്റ് വൃത്തിയാക്കാനും വരെ എന്നോട് പറഞ്ഞിട്ടുണ്ട്. ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ പറഞ്ഞുവിട്ട ശേഷമാണ് ഈ ജോലികൾ എന്നെ ഏൽപ്പിക്കുന്നത്.
മറ്റൊരു സംഭവം, ഒരു ദിവസം 5 മണി കഴിഞ്ഞ് പോസ്റ്റ് ഓഫിസിൽ പോകാൻ പറഞ്ഞ് കുറച്ച് സാധനങ്ങൾ തന്നു. 5 മണി കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ മറൈൻ ഡ്രൈവ് ഹെഡ് പോസ്റ്റ് ഓഫിസ് 7 മണി വരെ ഉണ്ടെന്നും ഗൂഗിളിൽ നോക്കിയാൽ കാണാമെന്നും പറഞ്ഞ് നിർബന്ധിച്ച് അയച്ചു.
സെക്യൂരിറ്റി ജീവനക്കാരൻ ഊബർ വിളിച്ച് പോയി. ആ സമയം അവിടെയുണ്ടായിരുന്ന ഹൗസ് കീപ്പിംഗ് സ്റ്റാഫിനോട് ട്രഷറർ ചോദിച്ചത് 'രണ്ടുപേരും ഒരു വണ്ടിയിലാണോ കയറിപ്പോയത്?' എന്നാണ്. അനാവശ്യമായ ഇത്തരം ചോദ്യങ്ങളും പരാമർശങ്ങളും എന്നെക്കുറിച്ച് ഉണ്ടാക്കാറുണ്ട്.
അവിടെ ജോലിക്ക് നിൽക്കുന്നവരോട് ഒരു അടിമ മനോഭാവമാണ് ഇവർക്കുള്ളത്. പുള്ളി പറയുന്നത് എല്ലാം അനുസരിക്കണം, പുള്ളിയെ എപ്പോഴും ഹാപ്പിയാക്കി കൊണ്ടുപോകണം എന്നാണ് ജനറൽ സെക്രട്ടറിയുടെയും മനോഭാവം.
പ്രസിഡന്റിനോട് ഈ പരാതികൾ പറയരുതെന്ന് പറഞ്ഞ് ജനറൽ സെക്രട്ടറി എന്നെ ഫോണിൽ വിളിച്ച് വഴക്ക് പറഞ്ഞിട്ടുണ്ട്. പ്രസിഡന്റ് അറിയരുത്, ഉണ്ണിയെക്കുറിച്ച് കുറ്റം പറയരുത് എന്നൊക്കെ പറയുന്നത് വലിയ മനപ്രയാസമുണ്ടാക്കി.
ഇപ്പോൾ എന്റെ ടെർമിനേഷൻ എന്നത് ട്രഷറർക്ക് വേണ്ടി ജനറൽ സെക്രട്ടറി മാത്രം എടുത്ത തീരുമാനമാണ്. പ്രസിഡന്റിനോട് സംസാരിച്ചപ്പോൾ അവർക്ക് ഇതിനെക്കുറിച്ച് അറിയില്ല എന്നാണ് പറഞ്ഞത്. പുറത്താക്കി കഴിഞ്ഞ ശേഷമാണ് ഗ്രൂപ്പിൽ ലെറ്റർ ഇട്ടു കൊടുത്തത്. എക്സിക്യൂട്ടീവ് മെമ്പേഴ്സ് പലരും ഇത് അറിഞ്ഞിട്ടില്ല.’’ അതുല്യ പറഞ്ഞു.