ദ് കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ചിത്രത്തെ പ്രൊപ്പഗാണ്ട സിനിമയെന്ന് വിശേഷിപ്പിച്ച അനുരാഗ് സിനിമ നിർമിച്ചയാൾക്ക് പണത്തോടുള്ള അത്യാഗ്രഹമാണെന്നും കുറ്റപ്പെടുത്തി.
‘കേരള സ്റ്റോറി ഒരു ബുൾഷിറ്റ് പ്രൊപ്പഗാണ്ട ചിത്രമാണ്. ആരാണ് ഒരാളെ ഇങ്ങനെ ബീഫ് തീറ്റിക്കുക? ഖിച്ചഡി പോലും ഇങ്ങനെ ഒരാൾക്ക് കൊടുക്കില്ല. അവർ പണം സമ്പാദിക്കാൻ വേണ്ടി മാത്രമാണ് ഇത് ചെയ്യുന്നത്.
ആളുകളെ ഭിന്നിപ്പിച്ചുകൊണ്ട് ചിലരെ തൃപ്തിപ്പെടുത്താനും ശ്രമിക്കുന്നു. സിനിമ നിർമിക്കുന്നവർ അത്യാഗ്രഹികളാണ്. പണമാണ് അവരുടെ ലക്ഷ്യം.’- അനുരാഗ് പറഞ്ഞു.
ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിയോണ്ട് ദ് കേരള സ്റ്റോറി’. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. ചിത്രത്തിന്റെ ട്രെയിലറിലെ വർഗീയ നിറഞ്ഞ രംഗങ്ങളും ഡയലോഗുകളുമാണ് വിമർശനങ്ങൾക്കാധാരം.
പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ ട്രോളുകൾക്കും വഴിവച്ചിരുന്നു. സംവിധായകരും അഭിനേതാക്കളുമടക്കം നിരവധിപ്പേരാണ് ചിത്രത്തിനെതിരെ പരസ്യ നിലപാടെടുത്തത്.