പുതുമുഖ സംവിധായകർക്കൊപ്പം എന്തുകൊണ്ട് മോഹൻലാൽ സിനിമ ചെയ്യുന്നില്ലെന്ന ചോദ്യത്തിന് ആന്റണി പെരുമ്പാവൂർ നൽകിയ മറുപടി വൈറലായിരുന്നു.
ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന തരുൺ മൂർത്തി ചിത്രം അതിമനോഹരം ഒരു പുതുമുഖ സംവിധായകൻ ചെയ്യാനിരുന്നതാണെന്നും എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിന് ഒരു മാസം മുൻപ് സംവിധായകനെ കാണാതായെന്നും അയാൾ പാനിക് ആയതുകൊണ്ട് വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും അതുകൊണ്ട് തന്നെ ഒരു പരീക്ഷണത്തിന് മുതിരാൻ തങ്ങൾക്ക് പേടിയാണെന്നുമായിരുന്നു ആന്റണി പെരുമ്പാവൂർ പറഞ്ഞത്. എക്സിലൂടെ ആരാധകരുമായി സംവദിക്കവേയായിരുന്നു ആന്റണിയുടെ മറുപടി.
തരുൺ മൂർത്തി ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന അതിമനോഹരം എന്ന ചിത്രം സംവിധാനം ചെയ്യാനിരുന്നത് നടനും അസോസിയേറ്റ് ഡയറക്ടറുമായ ഡാൻ ഓസ്റ്റിൻ തോമസായിരുന്നു. എന്നാൽ പിന്നീട് അത് മാറി തരുണിലേയ്ക്കെത്തി.
മോഹൻലാൽ പോലീസ് കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററുകൾ അടക്കം പുറത്തുവന്നതിന് ശേഷമാണ് ചിത്രത്തിന്റെ സംവിധായകൻ മാറി തരുൺ മൂർത്തി വരുന്നത്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഓസ്റ്റിൻ ഡാൻ തോമസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയും ചർച്ചയാകുകയാണ്.
ചിലർ സത്യത്തെ ചെറിയൊരു മറച്ചുവെക്കലിലൂടെയും അലങ്കാരങ്ങളിലൂടെയും ഒളിപ്പിക്കാമെന്ന് കരുതുന്നു. എന്നാൽ കാലം കടന്നുപോകുമ്പോൾ സത്യം സ്വയം വെളിവാകുകയും കള്ളം ക്രമേണ മാഞ്ഞുപോകുകയും ചെയ്യും എന്നാണ് ഓസ്റ്റിൻ കുറിച്ചത്.
ഇത് ആന്റണി പെരുമ്പാവൂരിനുള്ള മറുപടിയായാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച വരുന്നത്.
Tags : dan austin antony perumbavoor malayalam movie