ഹനുമാൻ അൻഷ് ചിത്രത്തിന്റെ പോസ്റ്റർ.
ജനങ്ങൾ ഏറ്റെടുത്ത 'ഹനുമാൻ അൻഷ്' ബോക്സ് ഓഫിസിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു. ആഗോള കളക്ഷനിൽ അക്ഷയ് കുമാർ ചിത്രം 'ഭൂത് ബംഗ്ല'യെ മറികടന്ന് 2026-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമായി 'ഹനുമാൻ അൻഷ്'. ആദ്യ രണ്ടു വാരങ്ങളിൽ മന്ദഗതിയിലായിരുന്ന ചിത്രം, മൂന്നാം വാരം മുതൽ മികച്ച അഭിപ്രായങ്ങൾ നേടി വൻ തിരിച്ചുവരവാണു നടത്തിയത്.
ഇപ്പോൾ 'ധുരന്ധർ 2', 'ബോർഡർ 2' എന്നീ ചിത്രങ്ങൾക്കു തൊട്ടുപിന്നിലായി ആഗോള കളക്ഷൻ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ ചിത്രത്തിനു സാധിച്ചു. 270.91 കോടി രൂപ പിന്നിട്ടിരിക്കുകയാണ് ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫിസ് നേട്ടം.
നീം കരോളി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിശാൽ ചതുർവേദി സംവിധാനം ചെയ്ത ഈ ഭക്തിനിർഭരമായ ചിത്രം കേവലം രണ്ടു കോടിയോളം ബജറ്റിലാണ് നിർമിക്കപ്പെട്ടത്. ഇന്ത്യയിൽ മാത്രം 200 കോടി കടന്ന ചിത്രം സെപ്റ്റംബർ 11-ന് വിദേശ വിപണികളിലും റിലീസ് ചെയ്തതോടെയാണ് കളക്ഷനിൽ വൻ വർധനവുണ്ടായത്.
അതേസമയം, 'ഹനുമാൻ അൻഷി'നു ശേഷം സംവിധായകൻ വിശാൽ ചതുർവേദി തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'രാം ബോല' എന്നാണ് ചിത്രത്തിന്റെ പേര്. സന്യാസിയും കവിയുമായ തുളസീദാസിന്റെ ജീവിത കഥയെ ആസ്പദമാക്കിയാണു ചിത്രം ഒരുങ്ങുന്നത്. മഹാവീർ ജെയിൻ ഫിലിംസിന്റെ ബാനറിൽ മഹാവീർ ജെയിൻ, അമിത് ഉപാധ്യായ, രഘുവേന്ദ്ര സിംഗ് എന്നിവർക്കൊപ്പം വിശാൽ ചതുർവേദിയും നിർമാണ പങ്കാളിയാണ്.
Tags : EntertainmentNews HanumanAnsh RamBola