x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി മു​ത​ല്‍ മ​ക​ന്‍റെ വേ​ദ​ന വ​രെ: മ​ര​ണ​വീ​ട്ടി​ലെ കാ​ഴ്ച​ക​ള്‍ ക​ണ്ട​ന്‍റ് ആ​കു​മ്പോ​ള്‍  


Published: June 8, 2026 02:34 PM IST | Updated: June 8, 2026 02:34 PM IST

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ നാ​ട് വി​ങ്ങി​പ്പൊ​ട്ടു​മ്പോ​ള്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍​ക്കി​ട​യി​ല്‍ വ്യൂ​സി​നും റേ​റ്റിം​ഗി​നും വേ​ണ്ടി ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ കാ​ട്ടി​ക്കൂ​ട്ടി​യ പ്ര​വ​ണ​ത​ക​ള്‍​ക്കെ​തി​രെ ക​ന​ത്ത പ്ര​തി​ഷേ​ധം.

അ​ച്ഛ​ന്‍റെ ഭൗ​തി​ക​ശ​രീ​ര​ത്തി​ന് മു​ന്നി​ല്‍ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ പോ​ലും ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​തെ കാ​മ​റ​ക്ക​ണ്ണു​ക​ള്‍ തി​ങ്ങി​പ്പൊ​ട്ടി​യ​പ്പോ​ള്‍ മ​ക​ന്‍ ച​ന്തു​വി​ന് പൊ​ട്ടി​ത്തെ​റി​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

സി​വി​ക് സെ​ന്‍​സ് തീ​രെ​യി​ല്ലാ​ത്ത കൂ​ട്ട​ങ്ങ​ളാ​യി മ​ല​യാ​ളി​ക​ള്‍ മാ​റി​യോ എ​ന്ന് ചോ​ദി​ച്ചു പോ​കും. ഒ​രു മ​നു​ഷ്യ​ന്‍റെ അ​വ​സാ​ന യാ​ത്ര പോ​ലും ക​ണ്ട​ന്‍റ് ആ​ക്കി വി​ല്‍​ക്കാ​നു​ള്ള ശ്ര​മം. ക​ണ്ണീ​രും ദുഃ​ഖ​വും നി​സ​ഹാ​യ​ത​യും കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി വ്യൂ​സ് നേ​ടാ​ന്‍ അ​നേ​കം പേ​രാ​ണ് ഫോ​ണും കാ​മ​റ​ക​ളു​മാ​യി ഇ​ടി​ച്ചു ക​യ​റി​യ​ത്.

സം​സ്‌​കാ​ര ച​ട​ങ്ങ​ള്‍​ക്കി​ടെ യൂ​ട്യൂ​ബ് ചാ​ന​ലു​കാ​രും ജ​ന​ങ്ങ​ളും തി​ക്കി​തി​ര​ക്കി​യ​തോ​ടെ ച​ന്തു രോ​ഷ​ത്തോ​ടെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​രു​ന്ന​ത്. മ​ര​ണം പോ​ലും ക​ണ്ട​ന്‍റ് ആ​ക്കി വി​ല്‍​ക്കു​ന്ന സം​സ്‌​കാ​ര​ത്തി​ന് അ​വ​സാ​ന​മു​ണ്ടാ​ക​ണം എ​ന്നാ​ണ് പ​ല​രു​ടെ​യും പ്ര​തി​ക​ര​ണം.

വാ​ര്‍​ത്ത​ക​ള്‍​ക്കും വ്യൂ​സി​നും വേ​ണ്ടി മാ​ത്രം മ​ര​ണ​വീ​ടു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ കാ​ട്ടി​ക്കൂ​ട്ടു​ന്ന ഉ​ന്തും ത​ള്ളും അ​തി​രു​ക​ട​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. സ​ലിം കു​മാ​റി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കാ​ന്‍ എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​ലും കാ​മ​റ​ക​ളു​മാ​യി ത​ള്ളി​ക്ക​യ​റി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ര​ണം ത​ങ്ങ​ളു​ടെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ന​ട​ത്താ​ന്‍ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ട്ട​ത്.

ഏ​റ്റ​വും ദാ​രു​ണ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത് അ​ച്ഛ​ന്‍റെ ഭൗ​തി​ക ശ​രീ​ര​ത്തി​ന​ടു​ത്ത് കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ന്ത്യ​ചും​ബ​നം ന​ല്‍​കാ​ന്‍ ഒ​രു​ങ്ങി​യ​പ്പോ​ഴാ​ണ്. മ​ക​ന്‍ ച​ന്തു​വി​ന് അ​ച്ഛ​ന​രി​കി​ല്‍ നി​ല്‍​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത വി​ധം ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ കാ​മ​റ​ക​ളു​മാ​യി തി​ങ്ങി​ക്കൂ​ടി.

ഒ​രു മ​ക​ന്‍റെ ദുഃ​ഖം പോ​ലും മാ​നി​ക്കാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ എ​ത്തി​യ​പ്പോ​ള്‍ മാ​ന്യ​മാ​യ അ​ക​ലം പാ​ലി​ക്കാ​ന്‍ ച​ന്തു പ​ല​ത​വ​ണ അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും ആ​രും അ​ത് കേ​ട്ട​താ​യി ഭാ​വി​ച്ചി​ല്ല. ഒ​ടു​വി​ല്‍, ഉ​ള്ളു​ക​ല​ങ്ങി​യ അ​വ​സ്ഥ​യി​ല്‍ നി​റ​ക​ണ്ണു​ക​ളോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ച​ന്തു, "നി​ങ്ങ​ള്‍​ക്ക് എ​ന്താ​ണ് വേ​ണ്ട​ത്? മാ​റി​നി​ല്‍​ക്കെ​ടാ' എ​ന്ന് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു മ​ര​ണ​വീ​ട്ടി​ല്‍ പാ​ലി​ക്കേ​ണ്ട കു​റ​ഞ്ഞ​പ​ക്ഷം മ​ര്യാ​ദ പോ​ലും കാ​ണി​ക്കാ​ത്ത മാ​ധ്യ​മ​ങ്ങ​ളോ​ടു​ള്ള ഒ​രു മ​ക​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ രോ​ഷ​മാ​യി​രു​ന്നു അ​ത്.

1997ല്‍ ​ന​ട​ന്‍ സു​കു​മാ​ര​ന്‍ അ​ന്ത​രി​ച്ച​പ്പോ​ള്‍ അ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ള്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ മ​മ്മൂ​ട്ടി​യെ​യും മോ​ഹ​ന്‍​ലാ​ലി​നെ​യും ക​ണ്ട് ആ​ര്‍​പ്പു​വി​ളി​ക്കു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തൊ​രു മ​ര​ണ​വീ​ടാ​ണെ​ന്ന ബോ​ധം പോ​ലു​മി​ല്ലാ​തെ ജ​ന​ക്കൂ​ട്ടം പെ​രു​മാ​റി​യ​പ്പോ​ള്‍, അ​ന്ന് കു​ട്ടി​യാ​യി​രു​ന്ന പൃ​ഥ്വി​രാ​ജ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രോ​ട് ചോ​ദി​ച്ചു, "എ​ന്താ ഇ​വ​ര്‍ ഇ​ങ്ങ​നെ?' എ​ന്ന്.

ഈ ​സം​ഭ​വം ന​ട​ന്ന് 30 വ​ര്‍​ഷ​ത്തോ​ള​മാ​കാ​ന്‍ പോ​കു​മ്പോ​ഴും മ​ല​യാ​ളി​യു​ടെ "മ​ര​ണ​വീ​ട്ടി​ലെ മ​ര്യാ​ദ​കേ​ടു​ക​ള്‍​ക്ക്' യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്നാ​ണ് സ​ലിം കു​മാ​റി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങി​നി​ട​യി​ലെ കാ​ഴ്ച​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​ണ്ട് ജ​ന​ക്കൂ​ട്ട​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന​ത് കൈ​യി​ലൊ​രു മൊ​ബൈ​ല്‍ ഫോ​ണും മൈ​ക്കു​മാ​യി ആ​രു​ടെ​യും സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ന്ന ചി​ല ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്ന് മാ​ത്രം.

ആ​രൊ​ക്കെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍​ക്കെ​ത്തി, ഏ​തൊ​ക്കെ സെ​ലി​ബ്രി​റ്റി​ക​ള്‍ എ​ത്തി​യി​ല്ല, ആ​രൊ​ക്കെ കൂ​ളിം​ഗ് ഗ്ലാ​സ് ധ​രി​ച്ചു എ​ന്ന​ത​ട​ക്ക​മു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കും തു​ട​ക്ക​മി​ട്ടു കൊ​ണ്ടാ​ണ് യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ല്‍ എ​ത്തു​ന്ന വീ​ഡി​യോ​ക​ളും. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും സ​ലിം കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ലേ​ക്ക് ക​യ​റ്റു​ന്ന​ത് മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ഒ​പ്പി​യെ​ടു​ക്കാ​ന്‍ കാ​ഷ്വാ​ലി​റ്റി​ക്ക് മു​ന്നി​ല്‍ വ​രെ കാ​മ​റ​ക​ളു​മാ​യി കാ​ത്തു നി​ന്ന​വ​രു​മു​ണ്ട്.

സ​ലിം കു​മാ​റി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്താ​ന്‍ മാ​ത്ര​മ​ല്ല, പ്ര​മു​ഖ​ര്‍​ക്കൊ​പ്പം സെ​ല്‍​ഫി എ​ടു​ക്കാ​നും ചി​ല​ര്‍ എ​ത്തി​യി​രു​ന്നു. ന​ട​ന്‍ ദി​ലീ​പി​നൊ​പ്പം സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ആ​രാ​ധ​ക​നും സ​ലിം കു​മാ​റി​ന്‍റെ മ​ര​ണ വീ​ഡി​യോ​യി​ലെ ക​ണ്ട​ന്‍റ് ആ​ണ്.

ഇ​തി​നി​ടെ പ്രി​യ സു​ഹൃ​ത്തി​നെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ ഷാ​ള്‍ അ​ണി​യി​ക്കാ​ന്‍ പോ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നും മ​റ്റൊ​രു ക​ണ്ട​ന്‍റ് ആ​യി. മു​ഖ്യ​മ​ന്ത്രി ക​ട​ന്നു വ​രു​ന്ന​തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ന്‍ ഷാ​ള്‍ അ​ണി​യി​ക്കാ​ന്‍ വ​ന്നെ​ങ്കി​ലും വി.​ഡി അ​ത് ത​ട്ടി​ക്ക​ള​യു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

കൂ​ട്ട​മാ​യി ത​ള്ളി​ക്ക​യ​റി വ​ന്ന​വ​രോ​ട് ദേ​ഷ്യ​ത്തോ​ടെ മാ​റി നി​ല്‍​ക്കാ​നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ "സ​ലിം കു​മാ​റി​നെ കാ​ണാ​നെ​ത്തി​യ വി.​ഡി. സ​തീ​ശ​ന്‍ ചെ​യ്ത​ത് ക​ണ്ടോ?' എ​ന്ന ക്യാ​പ്ഷ​നോ​ടെ ഈ ​ക​ണ്ട​ന്‍റ് ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Tags : content Chief Minister salim kumar chandu salimkumar

Recent News

Corehub Up