ഷെയ്ൻ നിഗം നായകനായെത്തുന്ന ഹാൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി. സിനിമയില്‍ രണ്ടു മാറ്റങ്ങൾ വരുത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ശേഷം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം.
ധ്വജ പ്രണാമത്തിലെ ‘ധ്വജ’ മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനവും ഹൈക്കോടതി അംഗീകരിച്ചില്ല.
സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സെൻസർ ബോർഡ് അനാവശ്യമായ നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുണ്ടെന്നായിരുന്നു സെൻസർ ബോർഡിന്റെ വാദം. രണ്ടു ദിവസത്തിനകം സെൻസർ ബോർഡിനു വീണ്ടും അപേക്ഷ നൽകുമെന്ന് സിനിമയുടെ സംവിധായകൻ റഫീഖ് വീര പറഞ്ഞു. 14 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണം എന്നാണ് വിധി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചിത്രം റിലീസ് ചെയ്യുമെന്നും റഫീഖ് വീര പറഞ്ഞു.
ഹർജി പരിഗണിച്ച ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ സ്റ്റുഡിയോയിൽ നേരിട്ടെത്തി സിനിമ കണ്ടതിനു ശേഷമാണ് വിശദമായ വാദം കേട്ടത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, സംഘം കാവലുണ്ട്, ധ്വജപ്രണാമം തുടങ്ങിയ വാക്കുകളും ഒഴിവാക്കുന്നത് ഉൾപ്പെടെ 15 കട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്.