സൂര്യ.
കോളിവുഡ് സൂപ്പർതാരം സൂര്യയുടെ ഏറ്റവും പുതിയ ബോക്സ്ഓഫീസ് ഹിറ്റ് കറുപ്പിലെ, തിയറ്ററുകൾ ആഘോഷമാക്കിയ ക്ലൈമാക്സ് ചിത്രീകരണ അനുഭവങ്ങൾ പങ്കുവച്ച് താരം. സിനിമയുടെ ചിത്രീകരണം പൂർണമായും പൂർത്തിയായി ആറുമാസങ്ങൾക്കുശേഷമാണ് സംവിധായകൻ ആർ.ജെ. ബാലാജി ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കാൻ തീരുമാനിച്ചതെന്ന് സൂര്യ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ക്ലൈമാക്സ് ചിത്രീകരണ വിശേഷങ്ങൾ പങ്കുവച്ചത്.
വിശ്വനാഥ് ആൻഡ് സൺസിന്റെ ചിത്രീകരണത്തിലേക്കു കടന്ന തന്നോട് പെട്ടെന്നാണ് ക്ലൈമാക്സിൽ പുതിയൊരു ആശയം ഉണ്ടെന്നും അതു വീണ്ടും ചിത്രീകരിക്കണമെന്നും സംവിധായകൻ ആവശ്യപ്പെടുന്നത്. എഡിറ്റിംഗ് വരെ പൂർത്തിയായ സിനിമയിൽ അവസാന നിമിഷം ഇത്തരമൊരു മാറ്റം വന്നപ്പോൾ ആദ്യം അമ്പരന്നുവെങ്കിലും ഹൈദരാബാദിൽനിന്ന് ചെന്നൈയിലെത്തി രണ്ടു ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നുവെന്ന് സൂര്യ പറഞ്ഞു.
കറുപ്പസാമി സങ്കൽപ്പത്തെ ആസ്പദമാക്കിയുള്ള ക്ലൈമാക്സ് രംഗത്തിലെ തീവ്രമായ രംഗങ്ങൾക്കു മുൻപ് മനമുരുകി പ്രാർഥിച്ചെന്നും താരം പറഞ്ഞു. ഉത്സവപ്പറമ്പുകളിലെ ഇത്തരം യഥാർഥ വീഡിയോ കണ്ടാണ് കഥാപാത്രത്തിന്റെ ചലനങ്ങളും വൈകാരികമായ ഭാവങ്ങളും രൂപപ്പെടുത്തിയത്. ഇത്തരം സന്ദർഭങ്ങളിലെ പ്രകടനങ്ങൾ പ്രേക്ഷകർക്കു കോമഡിയായി തോന്നുമോ എന്നു ഭയന്നിരുന്നതായും സൂര്യ കൂട്ടിച്ചേർത്തു. എന്നാൽ തിയറ്ററിൽ ക്ലൈമാക്സ് രംഗങ്ങൾക്കു വലിയ സ്വീകരണമാണു ലഭിച്ചതെന്നും താരം പറഞ്ഞു.
Tags : KaruppuMovie Suriya RJBalaji TrishaKrishnan