അല്ലു സിരീഷ്
വീടിനു സമീപത്തുള്ള ക്ഷേത്രത്തിൽ നിന്നും അർധരാത്രിക്ക് ശേഷവും ഉച്ചഭാഷിണിയിലൂടെ അമിത ശബ്ദത്തിൽ പാട്ടുവെക്കുന്നതിനെതിരെ പരാതിയുമായി നടൻ അല്ലു സിരീഷ്.
ഹൈദരാബാദിലെ വിനോബ നഗറിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ നിന്നുള്ള ശബ്ദശല്യത്തിനെതിരെ ഹൈദരാബാദ് സിറ്റി പൊലിസിനെ ടാഗ് ചെയ്താണ് നടൻ എക്സിൽ രംഗത്തെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും പോലും അനുവദനീയമായ പരിധിയും ലംഘിച്ച് പാട്ടുകൾ കേൾപ്പിക്കുകയാണെന്ന് നടൻ വ്യക്തമാക്കി.
Respected @hydcitypolice . I'm a resident of Aparna One, Shaikpet. For the last few days the Hanuman temple at Vinobha Nagar is playing loud music, beyond allowed decibels till night 2/3am. I complained the Film Nagar PS.
— Allu Sirish (@AlluSirish) September 27, 2026
They asked us to bear till 25th Sept as its Ganesh… pic.twitter.com/ggJp4U4hdU
ഫിലിം നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഗണേശ നിമഞ്ജനം വരെ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ നിമഞ്ജനം കഴിഞ്ഞിട്ടും ഉച്ചഭാഷിണിയിലൂടെയുള്ള പാട്ട് നിർത്തിയില്ലെന്നും നിരവധി മുതിർന്നവരും കുട്ടികളും താമസിക്കുന്ന പ്രദേശത്ത് ഇത് വലിയ ശബ്ദമലിനീകരണമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, പോസ്റ്റിനു പിന്നാലെ ക്ഷേത്രത്തിനെതിരെ സംസാരിച്ചുവെന്ന തരത്തിൽ നടനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി അല്ലു സിരീഷും വീണ്ടും രംഗത്തെത്തി. താൻ ദൈവവിശ്വാസിയാണെന്നും എന്നാൽ പാതിരാത്രി രണ്ട് മണിക്ക് ഡി.ജെ വെച്ച് ഉറക്കെ പാട്ടു വെക്കുന്നത് ഭക്തിയല്ലെന്നും, താൻ പരാതിപ്പെട്ടത് പൗരബോധത്തെക്കുറിച്ചാണെന്നും അല്ലാതെ ദൈവഭക്തിയെയല്ലെന്നും താരം വ്യക്തമാക്കുകയുണ്ടായി.
നടന്റെ പരാതി ഫിലിം നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറിയതായി ഹൈദരാബാദ് സിറ്റി പൊലീസ് എക്സിലൂടെ മറുപടി നൽകിയിട്ടുണ്ട്.
Tags : Allu Sirish Actor temple complaint