തന്റെ സാമ്പത്തികമെല്ലാം കൈകാര്യം ചെയ്യുന്നത് ഭാര്യ ആരതിയാണെന്നും കാശിന്റെ എന്തെങ്കിലും ആവശ്യം വന്നാൽ ഭാര്യയോട് ചോദിക്കുകയാണ് ചെയ്യുന്നതെന്നും നടൻ ശിവകാർത്തികേയൻ. രാധിക ശരത്കുമാറിനെ നായികയാക്കി നിർമിച്ച തായ് കിഴവി എന്ന ചിത്രത്തിന്റെ സക്സസ് മീറ്റിലാണ് ശിവകാർത്തികേയൻ ഇക്കാര്യം പറഞ്ഞത്.
'എന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. ഭാര്യ ആരതിയാണ് എന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം ശ്രദ്ധയോടെ നോക്കി നടത്തുന്നത്. എന്തെങ്കിലും ചെലവ് വരുമ്പോൾ ഞാൻ അവളോട് കാശിന് ചോദിക്കും.
അവളുടെ സാമ്പത്തിക മേൽനോട്ടമാണ് എന്നെ നിർമാതാവാകാൻ പ്രാപ്തനാക്കിയത്. അവൾ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല', എന്നായിരുന്നു ശിവകാർത്തികേയന്റെ വാക്കുകൾ.
ആരതി തന്റെ ജീവിതത്തിൽ കൊണ്ടുവന്ന സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ശിവകാർത്തികേയൻ മുൻപും സംസാരിച്ചിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പ്, നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്താണ് ആരതി തന്നെ വിവാഹംചെയ്യാൻ തയ്യാറായതെന്ന് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. അതിന് താൻ ആരതിയോട് കടപ്പെട്ടിരിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
2010-ലാണ് ശിവകാർത്തികേയനും ആരതിയും വിവാഹിതരാവുന്നത്. അന്ന് ശിവകാർത്തികേയൻ സിനിമയിൽ സജീവമായിരുന്നില്ല.
Tags : Sivakarthikeyan movie news