രാം ചരൺ- ജാൻവി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പെഡ്ഡിക്കെതിരെ വിമർശനം ശക്തമാകുന്നു. ചിത്രത്തിൽ സ്ത്രീവിരുദ്ധത ഉണ്ടെന്നാണ് ആരോപണം ഉയരുന്നത്. സ്ത്രീവിരുദ്ധത ഉണ്ടെന്ന് കാണിച്ച് സോഷ്യൽ മീഡിയായിൽ വന്ന ഒരു പോസ്റ്റിന് നായിക ജാൻവി തന്നെ ലൈക്കടിച്ചതും ഇപ്പോൾ ചർച്ചയ്ക്ക് ആക്കം കൂട്ടി.
ചിത്രത്തിലെ നായികയായ ജാൻവി കപൂറിറെ അച്ചിയമ്മ എന്ന കഥാപാത്രത്തെ മോശമായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും നായകൻ നടത്തുന്ന അതിക്രമത്തെ പ്രണയമായി ന്യായീകരിക്കുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്.
റെക്കമൻഡേഷൻ കമ്മ്യൂണിറ്റി എന്ന ഇൻസ്റ്റാഗ്രാം പേജാണ് സിനിമയിലെ നായികാ സൃഷ്ടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. 350 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം, ഇന്ത്യൻ സിനിമയിലെ ഒരു നായികയ്ക്ക് ലഭിക്കുന്ന ഏറ്റവും വിലയേറിയ അപമാനമാണെന്ന് (most expensive disrespect) ഈ പോസ്റ്റിൽ ആരോപിക്കുന്നു.

നായകനായ രാം ചരണിന്റെ കഥാപാത്രത്തിന് കൃത്യമായ സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങൾ നൽകുമ്പോൾ, നായികയെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ജാൻവി കപൂറിന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാനാണ് സംവിധായകൻ കൂടുതൽ ശ്രദ്ധ നൽകിയത്. മനുഷ്യന്റെ സ്വത്വത്തെ നിഷേധിക്കുന്നതിനെ ഒരു വ്യവസ്ഥാപിത തിന്മയായി സിനിമ വിമർശിക്കുമ്പോഴും നായികയായ അച്ചിയമ്മയ്ക്ക് യാതൊരുവിധ മാനുഷിക പരിഗണനയും സിനിമ നൽകുന്നില്ല എന്ന വൈരുദ്ധ്യവും ചോദ്യം ചെയ്യപ്പെടുന്നു.
നായികയുടെ സമ്മതമില്ലാതെ സ്പർശിക്കുമെന്ന് പറയുന്നതും വൈദ്യുതി പോകുന്ന സമയത്ത് ബലമായി ചുംബിക്കുന്നതുമായ അതിക്രമരംഗങ്ങൾ സംവിധായകൻ പ്രണയമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
അതിക്രമത്തിന് ശേഷം നായിക കരയുമ്പോൾ, അവളുടെ പിതാവിന്റെ രാഷ്ട്രീയ ഭാവി ഓർത്ത് ഈ സംഭവം മറന്നേക്കാൻ മറ്റൊരു പുരുഷ കഥാപാത്രം ആവശ്യപ്പെടുന്നതുമെല്ലാം കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് ജാൻവി കപൂർ ഇത്തരം രംഗങ്ങളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും, നടിയുടെ തീരുമാനങ്ങൾക്കും എതിർപ്പുകൾക്കും യാതൊരു വിലയും കൽപ്പിക്കാതെ ബോക്സ് ഓഫീസ് ലാഭം മാത്രം ലക്ഷ്യം വെച്ച് സംവിധായകൻ ഈ രംഗങ്ങൾ സിനിമയിൽ നിലനിർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Tags : Peddi anti-women Janvi Kapoor