നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. രാജേഷ് ഐസിയുവിൽ തുടരുകയാണെന്നും ഹൃദയാഘാതത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദീർഘമായ ചികിത്സ വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായി പ്രതാപ് പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
‘നമ്മുടെ പ്രിയപ്പെട്ട രാജേഷ് കേശവിന്റെ ഇപ്പോഴത്തെ ആരോഗ്യ വിവരങ്ങൾ ഇതൊക്കെയാണ്. രാജേഷ് ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. ബിപിയും പൾസുമൊക്കെ നോർമൽ ആണെങ്കിലും കാർഡിയക് അറസ്റ്റിനെ തുടർന്നുണ്ടായ അവസ്ഥകൾ പരിഹരിക്കാൻ കൂടുതൽ ദീർഘമായ ചികിത്സ വേണ്ടി വന്നേക്കാം എന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
തിരിച്ചു വരവിന്റെ അടയാളങ്ങൾ കാണിക്കുന്ന പ്രിയ സുഹൃത്തിനെ അടുത്ത ആഴ്ചയോടെ റൂമിലേക്ക് മാറ്റുന്ന കാര്യവും പരിഗണയിലെന്നു ഡോക്ടർ പറയുന്നു.
രാജേഷിന് നല്ല കെയറും ചികിത്സയും ഉറപ്പ് വരുത്തുന്ന കാര്യത്തിൽ ലേക് ഷോർ ഹോസ്പിറ്റൽ ഡോക്ടമാരുടെ ഒരു പാനൽ രൂപീകരിക്കുകയും ചികിത്സയും അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കുടുംബത്തിന് നൽകുകയും ചെയ്യുന്നുണ്ട്. എങ്കിലും ന്യൂറോ റീഹാബിലിറ്റേഷന് വിദഗ്ധ ചികിത്സ തേടാൻ കേരളത്തിന് പുറത്തുള്ള, ഈ മേഖലയിൽ കൂടുതൽ പരിചയ സമ്പത്തുള്ള ആശുപത്രികളുമായി ഡോക്ടർമാർ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.
പക്ഷേ ഇപ്പോഴത്തെ പരിഗണന രാജേഷിന്റെ ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റി ആരോഗ്യ നില സ്റ്റേബിൾ ആക്കുക എന്നുള്ളതാണ്. അത് കഴിഞ്ഞു മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കുന്നുള്ളു. നല്ല ചികിത്സയും ആത്മാർത്ഥമായ പ്രാർത്ഥനയും രാജേഷിന്റെ തിരിച്ചു വരവിനെ ഏറെ സഹായിക്കുമെന്നുറപ്പാണ്. നമ്മുടെ കാത്തിരിപ്പിനു അർത്ഥമുണ്ടാകും ഏറെ പ്രതീക്ഷയോടെ.’’
രണ്ടാഴ്ച മുൻപാണ് രാജേഷ് കേശവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കിടെ 47കാരനായ രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
ടെലിവിഷനിൽ കരിയർ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ അവതാരകരിലൊരാളാണ്. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളിലും ടോക്ക് ഷോകളിലും അവതാരകനായെത്തി. ‘ബ്യൂട്ടിഫുൾ’ ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘ഹോട്ടൽ കാലിഫോർണിയ’ ‘നീന’, ‘തട്ടുംപുറത്ത് അച്യുതൻ’ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്.
Tags : Rajesh Prolonged treatment