പ്രണയവും കുസൃതിയും വിലാപവുമെല്ലാം ഒരുപോലെ സംഗീത ലോകം ഏറ്റുപാടിയത് എസ്.പി. വെങ്കിടേഷിന്റെ ഗാനത്തിലൂടെയായിരുന്നു. കിലുക്കത്തിലെയും മിന്നാരത്തിലെയും രാജാവിന്റെ മകനിലെയും തുടങ്ങി എല്ലാം ഗാനങ്ങളും മലയാളികളുടെ മനസിൽ കോറിയിട്ടു തന്ന സംഗീതലോകത്തെ അതികായനായിരുന്നു അദ്ദേഹം.
1985 മുതൽ -2000വരെയുള്ള കാലയളവിൽ പുറത്തിറങ്ങിയ വെങ്കിടേഷിന്റെ എല്ലാ മലയാളഗാനങ്ങളും സൂപ്പർ ഹിറ്റുകളായി മാറി. മലയാളികളുടെ ജീവിതത്തിലേയ്ക്ക് മൂളിപ്പാട്ടിന്റെ ഈണം പോലെ കടന്നുവന്ന വസന്തമായിരുന്നു അദ്ദേഹം.
അച്ഛനില്‍ നിന്നു പകര്‍ന്നു കിട്ടിയതായിരുന്നു വെങ്കിടേഷിന്റെ സംഗീതം. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു. പിതാവിന്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ച ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു.
അച്ഛന്റെ മാന്‍ഡലിന്‍ മകന്റെയും ജീവനും ശ്വാസവുമായി. 1968 മുതല്ക്കേ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കടേഷുമുണ്ടായിരുന്നു. 1971ല്‍ സംഗീത സംവിധായകന് വിജയഭാസ്കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്, ഗിത്താര്‍ വായിച്ചുകൊണ്ട്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു.
1981-ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983-ലാണ് മലയാള സംഗീതത്തിൽ സജീവമാകുന്നത്. അതിനു മുൻപേ തന്നെ മലയാളവുമായി എസ്.പി.വിക്ക് അടുപ്പമുണ്ടായിരുന്നു.
കണ്ണൂർ രാജൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, എം.കെ.അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്ന അദ്ദേഹം മാൻഡലിൻ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായും ഓർക്കസ്ട്രകനായും ഇവർക്കൊപ്പം ഏറെ നാൾ പ്രവർത്തിച്ചു.
1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിൽ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച് എസ്.പി.വി ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.
1986-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടാണ് മലയാള സിനിമയിൽ എസ്.പി.വിയുടെ തുടക്കം.
സിനിമ പോലെ തന്നെ അതിലെ സംഗീതവും വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിയതോടെ പിന്നീട് എസ്.പി.വിയുടെ ഗാനങ്ങൾ മലയാളത്തിൽ ഒരു തരംഗമായി മാറുകയായിരുന്നു.
ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം എന്നിങ്ങനെ നിരവധി സിനിമകളിൽ എസ്.പി.വി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി. അപ്പു, മഹായാനം, ദേവാസുരം തുടങ്ങിയ ചിത്രങ്ങൾക്ക് നൽകിയ പശ്ചാത്തല സംഗീതം മലയാളത്തിൽ എസ്.പി.വിക്ക് പ്രശസ്തി നൽകി.
1985-2000 കാലയളവിൽ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എസ്.പി.വി മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചു. എസ്.പി.വി ഈണമിട്ട മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറെ ഗാനങ്ങളും ആലപിച്ചത് കെ.എസ്. ചിത്രയാണ്. മലയാളത്തിൽ ഇതുവരെ 150 ചിത്രങ്ങൾക്ക് ഈണം പകർന്ന എസ്.പി.വി മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഒരു കാലഘട്ടത്തിൽ സജീവ സാന്നിധ്യമായിരുന്നു.
Tags : S. P. Venkatesh Indian music director