വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഫിറോസ് ഖാൻ തനിക്കും കുഞ്ഞുങ്ങൾക്കും നേരെ നടത്തിയ മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ബിഗ്ബോസ് താരം സജ്ന നൂർ.
തന്റേത് രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹത്തിലെ മകളെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഫിറോസ് തന്നെ കല്യാണം കഴിച്ചതെന്നും സജ്ന പറയുന്നു.
എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യ മാസം മുതൽ തന്റെ കുഞ്ഞിനെ കാണാൻ അയാൾ സമ്മതിക്കാതെയായി.
രണ്ടാമത് ഗർഭിണിയായ സമയത്തും വീട്ടുകാരെ വിളിക്കാനോ കുഞ്ഞിനെ കാണാനോ സമ്മതിക്കാതെ ക്രൂരമായ പീഡനങ്ങളാണ് താൻ അനുഭവിച്ചതെന്ന് സജ്ന വെളിപ്പെടുത്തി.
‘‘എനിക്ക് കർമയിൽ വിശ്വാസമില്ല. കർമയ്ക്ക് വേണ്ടി കാത്തുനിന്നാൽ വർഷങ്ങൾ നീണ്ടുപോകും. പലതും ഞാൻ കാണേണ്ടിയും കേൾക്കേണ്ടിയും വരും, എനിക്കതിന് സമയമില്ല. ഞാൻ നിയമപരമായി നീങ്ങിയിട്ടുണ്ട്.
ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞ് കേസ് കൊടുത്തിട്ടുണ്ട്. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി, ഞാൻ പേടിച്ച് ജീവിച്ചിട്ടുണ്ട്. കുറച്ചു മുന്നേ വരെ ഞാൻ പേടിച്ചു തന്നെയാണ് ജീവിച്ചത്.
ഫിറോസിനെ പേടിച്ച് പേടിച്ച് ഇവിടെ വരെ എത്തി. എനിക്കിനി പേടിക്കാൻ വയ്യ, കാരണം എന്റെ വീട്ടുകാരെ ഓർത്ത് കുഞ്ഞുങ്ങളെ ഓർത്ത് ഞാൻ ക്ഷമിക്കുകയായിരുന്നു,
ഞാൻ സോഷ്യൽ മീഡിയയിൽ ഇത് പറഞ്ഞാൽ എന്റെ കുഞ്ഞിനെ ഇത് ബാധിക്കും എന്നോർത്ത് ഞാൻ പേടിച്ചു ജീവിച്ചു. എന്റെ റോവലിനു അവന്റെ പപ്പയെ ഇഷ്ടമാണ്. അതോർത്ത് മാത്രം ഞാൻ മിണ്ടാതെ ജീവിച്ചപ്പോൾ തലയിൽ കയറി, അതിനപ്പുറം കയറി എന്നെ ചൊറിയാൻ നിൽക്കുകയാണ്. ഇനി എനിക്ക് പറ്റില്ല.
അതുകൊണ്ട് ഞാൻ നിയമപരമായി മുന്നോട്ട് പോയിരിക്കുകയാണ്. നിയമപരമായി നീങ്ങിയെങ്കിലും ഞാൻ മീഡിയയിൽ നിൽക്കുന്ന ആളായതുകൊണ്ട് എനിക്ക് നിങ്ങളോട് ഇത് ഇവിടെ വന്ന് പറയണം.
കാരണം നിങ്ങളാണ് എന്നെ വളർത്തിയത്. പല മീഡിയയും ഞങ്ങളുടെ കാര്യം എടുത്ത് ആഘോഷിച്ചിട്ടുണ്ട്. ഇനിയും ആഘോഷിക്കാൻ ഞാൻ ഇതുകൂടി ഇട്ടു തരികയാണ്. എന്ത് കാര്യം പറയുമ്പോഴും മറുവശം കൂടി കേൾക്കണം. എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ഇനിയെങ്കിലും പറയാതിരിക്കാൻ പറ്റില്ല.
2014 ഒക്ടോബർ 23നാണ് ഞങ്ങളുടെ വിവാഹം നടന്നത്. ഈ വിവാഹം നടക്കുന്നതിനു മുമ്പ് ഞങ്ങളുടേത് പ്രണയവിവാഹം ആയിരുന്നു. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു വന്നപ്പോൾ ഞാൻ വിവാഹ മോചിതയാണെന്നും എനിക്കൊരു കുഞ്ഞുണ്ടെന്നും ഞാൻ പറഞ്ഞിരുന്നു.
അദ്ദേഹവും അദ്ദേഹത്തിന്റെ ജീവിതത്തേക്കുറിച്ച് പറഞ്ഞു. എനിക്കന്ന് 20 വയസേ ഉള്ളൂ. ആദ്യ വിവാഹം പ്രശ്നമായി നിൽക്കുമ്പോഴാണ് ഈ ആലോചന വരുന്നത്. ഒരു മാസം കൊണ്ട് ഫിറോസിന്റെ വീട്ടിൽ നിന്ന് വന്ന് ആലോചിച്ചു. അന്വേഷിച്ചപ്പോൾ പുള്ളി നല്ലൊരു വ്യക്തിയാണെന്ന വിവരമാണ് വീട്ടുകാർക്ക് കിട്ടിയത്.
വീട്ടുകാരുടെ മുന്നിൽ ഒരാൾ ദുശീലം കാണിച്ചില്ലെങ്കിലും പുറമെ എന്താണെന്ന് ആർക്കും അറിയാൻ കഴിയില്ല. അനുഭവം വരുമ്പോഴാണ് മനസിലാക്കാൻ പറ്റുന്നത്. അങ്ങനെ കല്യാണം കഴിഞ്ഞു, കുഞ്ഞ് അന്ന് എന്റെ വീട്ടിൽ ആയിരുന്നു. എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കാം എന്ന് പറഞ്ഞു വന്ന വ്യക്തി ആദ്യമാസം കഴിഞ്ഞപ്പോഴേക്കും എന്റെ കുഞ്ഞിനെ കാണാൻ പോകാൻ സമ്മതിക്കാതെ വന്നു.
വിവാഹം കഴിഞ്ഞ ഉടനേ കുഞ്ഞിനെ കൊണ്ടുപോകേണ്ട ആദ്യ ഒരുമാസം ഇവിടെ വന്ന് കുഞ്ഞിനെ കണ്ടോ, എന്നിട്ട് കൊണ്ടുപോകാമെന്നായിരുന്നു എന്റെ വീട്ടുകാർ പറഞ്ഞിരുന്നത്.
ഈ ഒരു കാര്യം കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നം തുടങ്ങി. എന്നിട്ടും സഹിച്ചു നിന്നു. രണ്ടാം വിവാഹമല്ലേ നാട്ടുകാരറിഞ്ഞാൽ എന്ത് പറയും എന്നോർത്ത് പേടിച്ച് തന്നെ ഞാൻ മിണ്ടാതെ പലതും സഹിച്ചു മുന്നോട്ട് പോയി.
എന്റെ മകൾക്ക് രണ്ടര വയസേ ഉള്ളൂ അതുകൊണ്ട് അടുത്ത കുഞ്ഞ് ഉടനെ വേണ്ട എന്ന് ഞാൻ പുള്ളിയോട് പറഞ്ഞിരുന്നു. അപ്പോ അയാള് പറഞ്ഞു അയാളുടെ കുഞ്ഞിനെ(ആദ്യ ഭാര്യയിലെ) കാണാൻ കിട്ടുന്നില്ല അതുകൊണ്ട് അയാൾക്ക് ഒരു കുഞ്ഞു കൂടി വേണം എന്ന്. അങ്ങനെ ഒരു കുഞ്ഞുകൂടി ആകാം എന്ന് പ്ലാൻ ആയി.
രണ്ടരമാസം കഴിഞ്ഞപ്പോൾ ഗർഭിണി ആയി. ആ സമയത്ത് എന്റെ വീട്ടുകാരെ വിളിക്കാൻ പറ്റില്ല, എന്റെ കുഞ്ഞിനെ കാണാൻ പറ്റില്ല എന്ന രീതിയിൽ പല പീഡനങ്ങളും ഉണ്ടായി. ആ സമയം മുഴുവൻ കരഞ്ഞാണ് തീർത്തത്. എന്ത് ചെയ്യണം എന്നറിയാൻ പറ്റാത്ത അവസ്ഥ. ഇതെല്ലാം അനുഭവിക്കുന്നവർക്കേ അത് മനസിലാകൂ.
ആ കുഞ്ഞിനെയും വച്ച് എന്തിന് രണ്ടാമത് വിവാഹിതയായെന്ന് ചോദിച്ചവരുണ്ട്. ശരിയാണ്, ആ പ്രായത്തിൽ അതൊന്നും ചിന്തിക്കില്ല. ഈ അവസ്ഥയിലൂടെ പോകാത്തവർക്ക് ഇതെല്ലാം തെറ്റായി തോന്നും.
എന്റെ കുഞ്ഞിനെക്കുറിച്ച് ‘ആ പെണ്ണ് കാരണം ആണ് നമ്മുടെ ജീവിതം ഇങ്ങനെ ആകുന്നത്’ എന്നുള്ള രീതിയിൽ സംസാരിക്കുമായിരുന്നു. അന്ന് ഞാൻ ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് എന്റെ സഹോദരി ആണ് എന്റെ കുഞ്ഞിനെ നോക്കിയത്. എന്റെ സഹോദരി എനിക്ക് ദൈവതുല്യ ആണ്. അവൾ ഇല്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞുങ്ങൾ അനാഥമായി പോയേനേ.
എന്റെ കുഞ്ഞിന്റെ സ്നഗ്ഗി മുതൽ ബേബി ഫുഡും, അവൾ സ്കൂളിൽ പോയപ്പോൾ അതിന്റെ കാര്യവും എല്ലാം എന്റെ സഹോദരി ആണ് നോക്കിയിരുന്നത്. എന്റെ ഇത്തയുടെ ഭർത്താവ് സാബുക്കയും എനിക്ക് പിന്തുണ ആയി ഉണ്ടായിരുന്നു, അദ്ദേഹം നോ പറഞ്ഞാൽ എന്റെ ഇത്താക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ല.
പിന്നീട് മോനെ പ്രസവിച്ചു കഴിഞ്ഞ് മൂന്നു മാസം ഞാൻ എന്റെ വീട്ടിൽ വന്നു നിന്നു. ആ സമയത്ത് എന്റെ രണ്ടു കുഞ്ഞുങ്ങളുടെ ഒപ്പം നിൽക്കാൻ പറ്റുന്നതുകൊണ്ട് എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. പക്ഷേ അവിടെനിന്ന് തിരിച്ചു വരാനായി എന്നും വന്നു വഴക്കുണ്ടാക്കുമായിരുന്നു.
അതുവരെ എനിക്ക് ഫിറോസിനെ ഒരുതരിപോലും സംശയമേ ഇല്ലായിരുന്നു. ഒരു ദിവസം രാത്രി രണ്ടുമണിക്ക് എനിക്കെന്തോ വെപ്രാളം തോന്നിയിട്ട് ഞാൻ ഫിറോസിനെ വിളിച്ചപ്പോൾ ഫോൺ എൻഗേജ്ഡ് ആണ്.
അയാൾ കട്ട് ചെയ്തിട്ട് ഉടനെ തിരിച്ചു വിളിച്ചു. ഞാൻ ചോദിച്ചു ഈ സമയത്ത് ആരെയാണ് വിളിക്കുന്നത്, അത് പുള്ളിയുടെ ഗൾഫിൽ ഉള്ള ഒരു കൂട്ടുകാരനാണെന്ന് പറഞ്ഞു. ഓക്കെ പറഞ്ഞ് ഞാൻ വച്ചെങ്കിലും ഉള്ളിൽ ടെൻഷൻ കയറി. എന്റെ ടാബിൽ നിന്നാണ് അയാൾ ഫോൺ വിളിച്ചിരുന്നത്.
ഞാൻ ഫോക്സ്വാഗണിൽ സിആർഎം ആയി വർക്ക് ചെയ്യുന്ന സമയത്ത് എന്റെ ടാബിൽ ഇട്ടിരുന്ന സിം ആയിരുന്നു അത്. പിറ്റേന്ന് ഞാൻ ഫിറോസിന്റെ വീട്ടിൽ ചെന്ന് എന്റെ ടാബ് എടുത്തു. എനിക്ക് സംശയം ഉണ്ടെന്നു തന്നെ പറഞ്ഞു. ആ ടാബ് എന്റെ ആയിരുന്നതുകൊണ്ട് എനിക്ക് അതിന്റെ സെറ്റിങ് എല്ലാം അറിയാം. ഞാൻ അതിൽ ഉള്ള കോൾ റെക്കോർഡിംഗ് റിക്കവർ ചെയ്ത് എടുത്തു. എന്റെ റൂം അടച്ച് ഞാൻ അകത്തിരിക്കുകയാണ്, പുള്ളി റൂമിനു വെളിയിൽ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.
പുള്ളിയുടെ കൈയിൽ തെറ്റില്ല എന്ന് കരുതി, എന്റെ മനസിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഞാൻ അത് ചെക്ക് ചെയ്തത്.
ഒരു ഭാര്യയും കേട്ടാൽ സഹിക്കാത്ത കാര്യമാണ് ഞാൻ കേട്ടത്. മറ്റൊരു പെണ്ണുമായി സെക്സ് ചാറ്റ് ആണ് അയാൾ നടത്തിക്കൊണ്ടിരുന്നത്. എനിക്ക് പറയാൻ കഴിയാത്ത അത്ര വൃത്തികെട്ട സംഭാഷണം ആയിരുന്നു അത്.
‘ഇന്നലെ ഞാൻ വന്നതുപോലെ’ എന്നൊക്കെ ആണ് പറയുന്നത്, അപ്പോൾ തലേ ദിവസം അവിടെ പോയിക്കഴിഞ്ഞു. ഇതെല്ലാം ഒരു ഭാര്യ കേൾക്കുകയാണ്. ഇത് കേട്ട് ഞാൻ തകർന്നുപോയി. ആ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ ഷോക്ക് ആയിപ്പോയി. ഞാൻ കരഞ്ഞു ബഹളം വച്ചു. വീട്ടുകാർ ഓടിയെത്തി.
എന്റെ കൈക്കുഞ്ഞ് അവിടെ അയാളുടെ ബന്ധുക്കളുടെ കൈയിൽ ഇരിക്കുകയാണ്. പൊട്ടിക്കരഞ്ഞുകൊണ്ട് അവരോട് കാര്യങ്ങൾ പറഞ്ഞു. അയാളുടെ ആൾക്കാർ അയാളെ സപ്പോർട്ട് ചെയ്യുകയായിരുന്നു. ഞാൻ അവരെ കുറ്റം പറയില്ല, മകൻ അല്ലേ.
എനിക്കിനി ജീവിക്കേണ്ട എന്ന് തോന്നിയിട്ട് ഞാൻ ബ്ലേഡ് എടുത്ത് എന്റെ കൈ മുറിച്ചു. എന്റെ ബോധം പോയി, ബോധം വരുമ്പോൾ ഞാൻ എന്റെ കുഞ്ഞുമ്മ വർക്ക് ചെയ്യുന്ന ആശുപത്രിയിൽ ആണ്. കൈയിൽ 22 സ്റ്റിച്ച് ഉണ്ടായിരുന്നു. അതാണ് ബിഗ്ബോസിൽ വരുമ്പോൾ എന്റെ കയ്യിൽ കണ്ട പാട്. അതുകഴിഞ്ഞ് അയാൾ വന്നു എന്റെ കാലുപിടിച്ചു കരഞ്ഞു, നീ ഇല്ലാതെ എനിക്ക് പറ്റില്ല വാവേ എന്ന് പറഞ്ഞു.‘വാവേ’ എന്നൊക്കെയാണ് വിളിക്കുന്നത്.
അത് കഴിഞ്ഞ് ഞാൻ അത് പോട്ടെ എന്ന് കരുതി വിട്ടു. ആ പാട് മറയ്ക്കാൻ വേണ്ടിയാണ് ഞാൻ എന്റെ കയ്യിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. ഞാൻ ആ പെണ്ണിനെ വിളിച്ചു സംസാരിച്ചു, എന്നെ ചതിക്കരുത്, ജീവിതം ഇല്ലാതാക്കരുതെന്ന് പറഞ്ഞ് കാല് പിടിച്ചു. ആ പെണ്ണ് ഫിറോസിനെയും കുടുംബത്തെയും മക്കളെയും ഒക്കെ പ്രാകിയിരുന്നു.
അത് കഴിഞ്ഞ ആറുമാസം കഴിഞ്ഞ് ഞങ്ങൾ എറണാകുളത്തേക്ക് താമസം മാറി. ഒരു സിനിമാ സെറ്റിൽ, പേര് പറയുന്നില്ല, അവിടെ വച്ച് ഞാൻ ഇയാളെ മറ്റൊരു പെണ്ണുമായി പിടിച്ചു.
ഇപ്പോൾ ഫേമസ് ആയി നിൽക്കുന്ന ഒരു ബിഗ് ബോസ് മത്സരാർഥിയുടെ കോസ്റ്റ്യൂമർ ഡിസൈനർ ആണ് എന്നെ വിളിച്ചു പറഞ്ഞത്. ഞാൻ അവരുടെ പേര് പറയുന്നില്ല. ആ സിനിമയിലുള്ള ചിലർ എന്റെ സുഹൃത്തുക്കളാണ് അവർ എന്നെ വിളിച്ചു പറഞ്ഞു, ‘സജ്ന ഫിറോസിനെ ഒന്ന് ശ്രദ്ധിക്കണം, ചില കാര്യങ്ങൾ കേൾക്കുന്നുണ്ട്’.
അതിനു ശേഷം ഞങ്ങൾ കൊല്ലത്തേക്ക് പോയി. അവിടെ വച്ച് ഫിറോസ് പറഞ്ഞു, ‘ഞാൻ എന്റെ കൂട്ടുകാരനെ കാണാൻ പോവുകയാണ്, പോകുന്നിടത്ത് റേഞ്ച് ഇല്ല വിളിച്ചാൽ കിട്ടില്ല’ എന്ന് . വീണ്ടും ആ കോസ്റ്റ്യൂമർ ഫ്രണ്ട് എന്നെ വിളിച്ചു പറഞ്ഞു ഫിറോസിനെ ശ്രദ്ധിക്കണം എന്ന് ഞാൻ പറഞ്ഞതല്ലേ, വീണ്ടും ഫിറോസ് ഇങ്ങനെ ഒക്കെ ആണ് എന്ന്.
ആ സിനിമ സെറ്റിൽ ഉള്ള ആ പെണ്ണ് ഫിറോസിനെ വിളിച്ചു സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു.
ഫിറോസ് ഫോൺ റേഞ്ച് ഇല്ലാത്ത സ്ഥലത്താണല്ലോ എന്ന് ഞാൻ പറഞ്ഞു. സുഹൃത്ത് പറഞ്ഞു, ‘എനിക്കറിയില്ല ഇവൾ ഇവിടെ ഫിറോസിക്ക എന്ന് വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്’. അങ്ങനെ ഫിറോസിന്റെ സുഹൃത്തിന്റെ ഫോണിൽ വിളിച്ചപ്പോൾ അത് കോൾ വെയ്റ്റിംഗ്ആണ്.
ആ ഫോണിൽ ആണ് സംസാരിക്കുന്നത്. അങ്ങനെ അതും ഞാൻ പിടിച്ചു, റെക്കോർഡിംഗ് ഒക്കെ വീണ്ടുമെടുത്തു. പിന്നീട് ആ പെണ്ണിനോട് വിളിച്ച് സംസാരിച്ച് എന്റെ ജീവിതം നശിപ്പിക്കരുത് എന്നൊക്കെ പറഞ്ഞ്, ആ പെൺകുട്ടി സോറി പറഞ്ഞു, അങ്ങനെ അതും വിട്ടു. അന്നും മരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. കാരണം ജീവിതത്തിൽ മുന്നോട്ട് എന്താണെന്നറിയാത്ത അവസ്ഥയാണ്.
ആദ്യത്തെ വിവാഹം അങ്ങനായി, അതിലൊരു കുഞ്ഞ്. രണ്ടാമത്തെ വിവാഹവും ഇങ്ങനെ ആയാൽ ആൾക്കാർ എന്നെ കുറ്റം പറയുമല്ലോ എന്ന് കരുതി സഹിച്ച് സഹിച്ച് വീണ്ടും മുന്നോട്ട് പോയി. പിന്നെയും ഓരോ പ്രശ്നങ്ങൾ വന്നു, മുന്നോട്ട് പോയി അങ്ങനെ കഴിയുന്നതിനിടെ ആറുമാസം ഞങ്ങൾ പിരിഞ്ഞു താമസിച്ചു.
ഇങ്ങനെ തന്നെയാണ് ഞങ്ങൾ മുന്നോട്ടു പോയത്. ഇതിനിടെ കുഞ്ഞുങ്ങൾ വളർന്നു, ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി. ഹോണ്ടയുടെ ഷോറൂമിൽ ജോലിക്ക് കയറി. എന്റെ കുഞ്ഞിന് ചെലവിന് കൊടുക്കാൻ വേണ്ടിയാണ് ഞാൻ വീണ്ടും ജോലിക്ക് കയറിയത്. വാടകയ്ക്ക് വീടുമെടുത്തു. 20000 രൂപ സാലറി ഉണ്ടായിരുന്നു, പക്ഷേ 15000 എന്നാണ് പുറത്തു പറഞ്ഞിരുന്നത്. എന്റെ ശമ്പളം എത്ര ഉണ്ടെന്ന് പറയാതെ ഒളിച്ചാണ് ഞാൻ എന്റെ കുഞ്ഞിന് കൊടുത്തുകൊണ്ടിരുന്നത്.
അതിനു ശേഷവും ഞങ്ങൾ തമ്മിൽ പ്രശ്നവും അടിയും പിടിയുമൊക്കെ ഉണ്ട്. ബിഗ് ബോസ് ലൈവിൽ വന്ന എന്റെ മുഖത്തെ പാടുകൾ കണ്ടിട്ട് ഫിറോസ് അടിച്ചതാണോ എന്നൊകെ ആളുകൾ ചോദിച്ചിരുന്നു.
ആ സമയത്ത് എന്നെ അടിച്ച് മുഖത്തൊക്കെ പാടുകൾ ഉണ്ടായിരുന്നു. ഇത്രയും ക്ലിപ്പുകൾ ഇടുന്ന ആളുകൾ ബിഗ്ബോസിന്റെ സമയത്തുള്ള ക്ലിപ്പുകൾ കൂടി എടുത്തിട്ടെങ്കിൽ ഉപകാരമായേനെ.
ഈ പ്രശ്നങ്ങളൊക്കെ രൂക്ഷമാകാന് ഇടയായ സംഭവമുണ്ട്. ബിഗ്ബോസിൽ പോകുമ്പോൾ ആദ്യത്തെ മൂന്നു ആഴ്ചത്തെ പേയ്മെന്റ് അക്കൗണ്ടിൽ ആദ്യമേ വരും. ഞാൻ എന്റെ അക്കൗണ്ട് എന്റെ അമ്മയെ ഏല്പിച്ചാണ് പോയത് കാരണം കുഞ്ഞുങ്ങൾക്ക് ചെലവിന് പണം വേണമല്ലോ.
ഞാൻ അവിടെ ആയിരുന്ന സമയത്ത് കുറെ പണം ചെലവായി. കാരണം ഞങ്ങൾക്ക് കുറെ ഡ്രസ്സ് അയച്ചു തന്നതൊക്കെ ആണ്. മുഴുവൻ കണക്ക് എന്റെ വീട്ടുകാർ തന്നിട്ടുണ്ട്. അവർക്ക് അന്ന് കൊളാബ് ഒന്നും അറിയില്ല, വീട്ടുകാർ തന്നെ ഏതൊക്കെയോ കടയിൽ പോയി വാങ്ങി അയക്കുകയായിരുന്നു. തിരിച്ചുവന്നപ്പോൾ എന്റെ വീട്ടുകാർ പണം എടുത്തു എന്ന് പറഞ്ഞ് ഫിറോസ് വലിയ പ്രശ്നം ഉണ്ടാക്കി. ഈ പൈസയൊക്കെ തിരിച്ചുകൊടുത്തു.
അതെല്ലാം കഴിഞ്ഞ് ഞാൻ സീരിയലിൽ ജോയിൻ ചെയ്തു. ഫിറോസിന് എന്നെ സംശയം തുടങ്ങി, അയാൾ സെറ്റിൽ എന്റെ കൂടെ വരും അവിടെ ഇരിക്കും. സീരിയലിൽ എന്റെ ഒപ്പം വർക്ക് ചെയ്യുന്ന എല്ലാവർക്കും ഇതൊക്കെ അറിയാം. അയാൾ ചെയ്തുവച്ചതൊന്നും പോരാതെ എന്നെ സംശയം. സെറ്റിൽ ഉള്ളവർ ഓരോന്ന് പറഞ്ഞു തുടങ്ങിയപ്പോ ഞാൻ പറഞ്ഞു പുള്ളിക്ക് എന്നെ അത്രക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് ഇവിടെ കൂടെ വരുന്നത് എന്ന്.
ഇത് പുള്ളിയോട് സംസാരിക്കുമ്പോൾ , ഞാൻ വേറെ പണിക്കാണ് പോകുന്നതെന്ന് പറഞ്ഞ് വഴക്ക്.
കൂടെ ജോലി ചെയ്യുന്നവരെ ചേർത്ത് പറയാൻ തുടങ്ങി. നിവർത്തിയില്ലാതെ ഞാൻ എന്റെ വീട്ടിൽ കാര്യങ്ങളെല്ലാം പറഞ്ഞു. അതോടെ പിരിയാം എന്ന തീരുമാനത്തിൽ എത്തി, ഞങ്ങൾ മാറി താമസിക്കാൻ തുടങ്ങി.
ഈ സമയത്ത് ഇയാൾ എന്റെ പല വർക്കുകളും മുടക്കുകയും കൂടെ ജോലി ചെയ്യുന്നവരെ വിളിച്ച് മോശമായി സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പച്ചയ്ക്ക് പറയാൻ പറ്റാത്ത വാക്കുകൾ, ഇയാളെ വേണ്ട എന്ന് വച്ച് പിരിഞ്ഞിട്ടും ഇയാൾ പിന്നാലെ നടന്ന് എന്നെ ടോർച്ചർ ചെയ്യുകയായിരുന്നു.
എന്റെ സുഹൃത്തുക്കളെ ഒക്കെ വിളിച്ചിട്ട്, ‘നീ അവളുടെ കൂടെ കിടന്നില്ലേ’ എന്നാണു ചോദിക്കുന്നത്. ഇതു കാരണം എന്റെ പല വർക്കുകളും നഷ്ടപ്പെട്ടു. എന്റെവീട്ടുകാരെയും അയാളുടെ വീട്ടുകാരെയും ഒക്കെ വിളിച്ച് എന്റെ കുറ്റം പറയുകയാണ്. ഒടുവിൽ അയാളുടെ വീട്ടുകാർ വരെ പറഞ്ഞു, ‘നീ ആ കൊച്ചിനെ ഒന്ന് ജീവിക്കാൻ സമ്മതിക്ക്’ എന്ന്. അയാളുടെ വീട്ടുകാർ പോലും എന്റെ കൂടെയാണ്.
ബിഗ്ബോസ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴേ ഞങ്ങൾ പിരിഞ്ഞിരുന്നു. അഞ്ച് വർഷമായിട്ട് പിരിഞ്ഞു ജീവിക്കുകയാണ്. രണ്ടര വർഷത്തിന് മുൻപ് ഞാൻ ഇട്ട ഒരു വിഡിയോയിൽ ഞാൻ വ്യക്തമായിട്ട് പറയുന്നുണ്ട് ഞങ്ങൾ കുറെ നാളുകളായി പിരിഞ്ഞു ജീവിക്കുകയാണ് എന്ന്.
അതിനെക്കുറിച്ച് ഞാൻ ആണ് ആദ്യമായി ഒരു മീഡിയയിൽ വന്നു സംസാരിക്കുന്നതും. ഈ പറയുന്ന തെറ്റ് എന്റെ കൈയിലാണെങ്കിൽ, ഈ പറയുന്ന ആള് എന്റെ കൂടെ ഉണ്ടെങ്കിൽ, ഇയാൾ എന്നെ വച്ചേക്കുമോ? ഇയാൾ ഇതൊക്കെ വന്നു വിളിച്ചു പറയില്ലേ? ഇയാൾ പിന്നെ എന്നെ വച്ചേക്കുമോ.
ആ പുള്ളിയെ എനിക്ക് നാലുവർഷമായി പരിചയമുണ്ടെന്ന് ഞാൻ പൊങ്ങച്ചം പറഞ്ഞിരിക്കാം. പക്ഷേ ഞാൻ തെളിവ് കാണിക്കാം ഒറ്റ എന്ന സിനിമയുടെ സമയത്താണ് ഞാൻ ഈ പുള്ളിയെ പരിചയപ്പെടുന്നത്. എന്റെ ഒരു കൂട്ടുകാരി ആ സിനിമയിൽ പാടി, അവളുടെ കൂടെ സ്റ്റുഡിയോയിൽ പോയപ്പോൾ ആണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.
അന്ന് കാര്യമായി സംസാരിച്ചിട്ടുപോലും ഇല്ല. പിന്നെ ആ സിനിമയിൽ അവസാന ഷെഡ്യൂളിൽ ഒരു കഥാപാത്രം ചെയ്യാൻ എന്നെ വിളിക്കാൻ എന്റെ കൂട്ടുകാരിക്ക് അദ്ദേഹം മെസേജ് അയച്ചു. എന്റെ കൂട്ടുകാരിയുടെ കൈയിൽ അതിന്റെ തെളിവുണ്ട്. അവൾ എന്റെ നമ്പർ കൊടുത്തിട്ട് അദ്ദേഹം വിളിച്ചു. ആ സിനിമയുടെ സമയത്താണ് ഞാൻ അദ്ദേഹത്തോട് സംസാരിക്കുന്നത്, അന്ന് ഡിപ്രഷൻ വന്ന് കുറേ പ്രശ്നങ്ങളുമായി നിൽക്കുന്ന സമയമാണ്. ഈ സിനിമയുടെ അവസാന സീനിൽ ഞാനൊരു എയർഹോസ്റ്റസ് ആയി വരുന്നുണ്ട്.
അതിനു ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഈ കാര്യമാണ് ഞാൻ നാലുവർഷമായി അദ്ദേഹവുമായി ബന്ധത്തിലാണെന്നും അവന്റെ ജീവിതം തകരാൻ കാരണം ഇതാണ് എന്നും പറയുന്നത്. ഇതെല്ലാം സ്ക്രിപ്റ്റ്ഡ്ആണ്. നമ്മുടെ കൂടെ നിൽക്കുന്ന ഒരാളെ വലിച്ചു കീറി കൊന്ന് നികൃഷ്ടമാക്കി വച്ചു.
എനിക്ക് നല്ലൊരു സുഹൃത്തും പിന്തുണയുമായി നിൽക്കുന്ന ആ മനുഷ്യനെ നാണം കെടുത്തിയിരിക്കുകയാണ്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല, അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ ഒന്നും പറയരുത്.
എന്റെ കൈയിൽ നിന്ന് കുറച്ചു തെറ്റുകൾ പറ്റിയിട്ടുണ്ട്, ഞാൻ ഒരു വിഡിയോ ഇട്ടിരുന്നു അതിൽ നിന്നാണ് ഇത് വിവാദമായത്. പക്ഷേ ഇയാളുടെ പീഡനം ഇപ്പോഴൊന്നും തുടങ്ങിയതല്ല. ഞാൻ കുറെ നാളായി ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
എന്റെ മോനെ ഓർത്തു മാത്രമാണ് ഇതുവരെസഹിച്ചത്. ഇയാൾ എനിക്ക് ഡിവോഴ്സ് തരാതെ ഇരുന്നപ്പോൾ ഞാൻ ഇതെല്ലാം പുറത്തു പറയാൻ പോവുകയാണ് എന്ന് പറഞ്ഞിരുന്നു.
എന്റെ മോന് അവന്റെ പപ്പയെ ജീവനാണ്, അവനെ കാണാൻ അയാൾ സ്കൂളിൽ ചെല്ലുമ്പോൾ അവനു നാണക്കേട് ഉണ്ടാകരുത് എന്ന് കരുതിയാണ് ഞാൻ ഇതുവരെ മിണ്ടാതെ ഇരുന്നത്. അവന്റെ പപ്പാ നല്ലതാണെന്ന് കാണിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് പിരിയുന്നു എന്ന പ്രതീതി ഉണ്ടാക്കിയത്. പുള്ളിക്കാരൻ എന്തെങ്കിലും പറഞ്ഞാൽ ഞാൻ ഇത്രയും കാലത്തേ കാര്യങ്ങൾ എടുത്തു പറയുമെന്ന് പുള്ളിക്ക് അറിയാം.
എനിക്ക് ഇതിൽ നിന്നെല്ലാം വിടുതൽ വേണം എന്ന് തോന്നിയാണ് എനിക്ക് ഡിവോഴ്സ് വേണമെന്ന് പറഞ്ഞത്, പക്ഷേ ഇയാൾ തരില്ല. കാരണം ഞാൻ വർക്ക് ചെയ്യുന്നവരോടൊക്കെ പറയുന്നത് ‘എന്റെ ഭാര്യയുടെ കൂടെ നീ കിടക്കുന്നു’ എന്നാണ്.
കിടക്കുന്നു എന്ന വാക്ക് ഒഴിച്ച് ഇവന് വേറൊന്നും പറയാനില്ല. പ്രമുഖ ആളുകളെ വരെ വിളിച്ച് ഭീഷണിപ്പെടുത്തി. അവസാനം ഞങ്ങൾ മ്യൂച്വൽ ഡിവോഴ്സിന് എന്റെ ഒരു സുഹൃത്ത് വഴി ശ്രമിച്ചു.അങ്ങന മ്യൂച്ചൽ ഒപ്പും ഇട്ടു. അവിടെ വരേണ്ട ഡേറ്റ് ആയപ്പോൾ ഇയാൾ വന്നില്ല. മനഃപൂർവം പണി തരുന്നു.
പിന്നീടാണ് അറിഞ്ഞത് ആദ്യ ഭാര്യയെ ഇയാൾ ഡിവോഴ്സ് ചെയ്തിട്ടില്ല. എന്നെ പറ്റിച്ചാണ് ഇയാൾ കല്യാണം കഴിച്ചത്. ഇയാൾക്ക് മതങ്ങളിൽ വിശ്വാസമില്ലെന്നു പറഞ്ഞ്, എന്നെ റജിസ്റ്റർ മാര്യേജ് ആണ് ചെയ്തത്.
ഇയാൾ ആദ്യ ഭാര്യയ്ക്കും ഡിവോഴ്സ് കൊടുത്തിട്ടില്ല. അവരുടെ 200 പവൻ അയാൾ എടുത്തു, എല്ലാം അയാളുടെ ആഡംബര ജീവിതത്തിനു വേണ്ടി ആയിരുന്നു. ആ സ്ത്രീ ഒരു നല്ല കുടുംബത്തുള്ള സ്ത്രീയാണ്. അവരും ഇവനെ പേടിച്ചാണ് ജീവിക്കുന്നത്. ഞാൻ അനുഭവിച്ച അതേ പീഡനമാണ് അവരും അനുഭവിച്ചത്.’’–സജ്ന നൂർ പറയുന്നു.
Tags : sajna noor firoz khan bigboss