ഭട്ട് കുടുംബത്തില്‍ പിറന്ന് കപൂര്‍ കുടുംബത്തിലെ മരുമകളായി മാറിയ ബോളിവുഡിന്റെ താരറാണിയാണ് ആലിയ ഭട്ട്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയ താരം, പിന്നീടിങ്ങോട്ട് ചെയ്ത കഥാപാത്രങ്ങളെല്ലാം ബോളിവുഡിലെ തന്റെ സ്ഥാനം ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ മികച്ച അഭിനയത്തിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് ആലിയ പുരസ്കാരങ്ങളും അംഗീകാരങ്ങളുമൊക്കെ സ്വന്തമാക്കി. കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നില്ക്കുന്ന ആലിയയ്ക്ക് തെന്നിന്ത്യയിലും ഒരുപാട് ആരാധകരുണ്ട്.
ആലിയ ഭട്ടിന്റെ വരാനിരിക്കുന്ന സ്പൈ ത്രില്ലർ ചിത്രമാണ് ആൽഫ. ആലിയയും ബോബി ഡിയോളും കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ ടീസര്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തീ പാറുന്ന ആക്ഷന്‍ സീക്വന്‍സുകളും സംഘട്ടനരംഗങ്ങളുമൊക്കെ ചെയ്യുന്ന ആലിയയുടെ കഥാപാത്രത്തിന് നിറഞ്ഞ കൈയടിയും പ്രശംസയും കിട്ടുന്നുണ്ട്.
ഇപ്പോഴിതാ ‘ആല്‍ഫ’ ടീസര്‍ കണ്ട ശേഷം ആലിയയെ നിറഞ്ഞ മനസോടെ പ്രശംസിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖ് ഖാന്.
ഒരു അഭിനേത്രി എന്ന നിലയിൽ ആലിയ ഭട്ടിന്റെ വളർച്ച മികച്ചതാണെന്ന് കുറിച്ച ഷാരൂഖ്, ആലിയയുടെ പിതാവായി ടീസറിൽ പ്രത്യക്ഷപ്പെടുന്ന ബോബി ഡിയോളിനെ പ്രശംസിക്കുകയും സിനിമയുടെ ടീമിന് ആശംസകൾ അയയ്ക്കുകയും ചെയ്തു. പോരാട്ട രംഗങ്ങൾ, പഞ്ചുകൾ, കിക്കുകൾ, ഉയർന്ന ഊർജ്ജസ്വലമായ നീക്കങ്ങൾ എന്നിവയിലൂടെ ആലിയയെ തീവ്രമായ ആക്ഷൻ രംഗങ്ങള്‍ ചെയ്യുന്നത് കണ്ട ശേഷമാണ് ഷാരൂഖിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
വെല്‍ഡണ്‍ ആലിയ, വർഷങ്ങളായി ഹൃദയങ്ങൾ കീഴടക്കുന്നതില നിന്ന് ഇപ്പോൾ അസ്ഥികൾ തകർക്കുന്നതിലേക്ക് നിന്റെ കഴിവുകൾ വികസിച്ചിരിക്കുന്നു... ആൽഫ ഹൃദയങ്ങൾ കീഴടക്കട്ടെ, തുടർഭാഗത്തിനായി ചില വില്ലന്മാരെ ഇനിയും കാത്തിരിക്കാൻ അനുവദിക്കട്ടെ. സിഗ്മ ഗേളിനെ കൊണ്ടുവരിക. ബോബി.... നീ മോശമായിരിക്കുമ്പോൾ നീ വളരെ നല്ലവനാണ്... ബിഗ് ഹഗ്സ്... ശിവയ്ക്കും സംഘത്തിനും എല്ലാ ആശംസകളും-എന്നാണ് ഷാരൂഖ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
2016ൽ പുറത്തിറങ്ങിയ ഡിയർ സിന്ദഗി എന്ന ചിത്രത്തില്‍ ഷാരൂഖും ആലിയയും പ്രധാന കഥാപാത്രങ്ങളായിരുന്നു. അന്നവരുടെ ഓൺ-സ്ക്രീൻ ജോഡി വ്യാപകമായി പ്രശംസിക്കപ്പെട്ടതുമാണ്.
Tags : Shahrukh Khan Alia Bhatt