വിജയ്യുടെ അവസാനചിത്രമായ ജനനായകന്റെ എച്ച്ഡി പ്രിന്റ് ചോർന്നത് വലിയ വിവാദങ്ങൾക്കിടയായിരുന്നു.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ എഡിറ്റർ പ്രദീപ് ഇ. രാഘവിനെ താത്ക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്സ് അസോസിയേഷൻ. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
"പ്രദീപ് ഇ രാഘവ്, ജനനായകൻ ഉൾപ്പെടെ താൻ ജോലി ചെയ്യുന്ന എല്ലാ ചിത്രങ്ങളിലും സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്സ് അസോസിയേഷൻ അംഗങ്ങളല്ലാത്തവരെ സഹായികളായി നിയമിച്ചിരുന്നുവെന്നും ഇതുവഴി അസോസിയേഷന്റെ നിയമങ്ങൾ തുടർച്ചയായി ലംഘിച്ചുവെന്നും അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രവൃത്തി അസോസിയേഷന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്,
ജനനായകൻ നിയമവിരുദ്ധമായി ഇന്റർനെറ്റിൽ റിലീസ് ചെയ്തതിന് പ്രദീപ് ഇ രാഘവ് നേരിട്ട് ഉത്തരവാദിയല്ലെങ്കിലും, തന്റെ അശ്രദ്ധയാണ് ഇതിന് കാരണം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
ഈ സാഹചര്യം തുടർന്നാൽ, സിനിമാ വ്യവസായംതന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട്. ഇത്തരം അഭികാമ്യമല്ലാത്ത സംഭവങ്ങൾ ഭാവിയിൽ സംഭവിക്കുന്നത് തടയേണ്ടത് അസോസിയേഷന്റെ കടമയാണ്, കുറിപ്പിൽ പറയുന്നു.
ചിത്രം ചോർന്നതിന് പ്രദീപ് നേരിട്ട് ഉത്തരവാദിയല്ലെങ്കിലും, അദ്ദേഹത്തിന്റെ അശ്രദ്ധ കാരണമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി.
Tags : jananayakan editor association vijay