ചിത്രാഞ്ജലിയുടെ നവീകരിച്ച സ്റ്റുഡിയോയുടെ ഒന്നാം ഘട്ട ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ച് ഫിലിം ചേംബർ. മലയാള ചലച്ചിത്ര വ്യവസായത്തിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ കൃത്യമായി ഇടപെടുന്നില്ലെന്ന് കാണിച്ചാണ് ഫിലിം ചേംബറിന്റെ പ്രതിഷേധം.
മലയാള ചലച്ചിത്ര വ്യവസായത്തിന്റെ നിലനിൽപ്പിനു വേണ്ടി പല സമയത്തായി സർക്കാരിനോട് സഹായം അഭ്യർഥിച്ചിരുന്നുവെന്നും ഈ വർഷം ജനുവരി 20ന് ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി സംഘടനകൾ നടത്തിയ ചർച്ചയിൽ രണ്ട് ആഴ്ചക്കകം സിനിമാ സംഘടനകൾ ആവശ്യപ്പെട്ട വിഷയങ്ങളിൽ തീരുമാനം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു എന്നും ഫിലിം ചേംബർ പുറത്തു വിട്ട കത്തിൽ പറയുന്നു.
കത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ചിത്രാഞ്ജലിയിൽ നിർമിക്കുന്ന മലയാള ചിത്രങ്ങൾക്കുള്ള സബ്സിഡി കാലാനുസൃതമായി വർധിപ്പിക്കണം എന്നുള്ളത്.
എന്നാൽ, ഈ വിഷയത്തിലും അവർ ഉന്നയിച്ച മറ്റു വിഷയങ്ങളിലും യാതൊരു തരത്തിലുമുള്ള തീരുമാനം ഇതുവരെയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഒന്നാംഘട്ട ഉത്ഘാടന പരിപാടി ബഹിഷ്കരിക്കാൻ ഫിലിം ചേംബർ തീരുമാനിച്ചത്.
Tags : kerala film chamber of commerce movie news malayalam movie