അനന്ത് നാഗ്
പ്രശസ്ത കന്നഡ ചലച്ചിത്രനടൻ അനന്ത് നാഗിന് 2024-ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് ഈ അംഗീകാരം. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അനന്ത് നാഗ് കർണ്ണാടക മുൻ മന്ത്രിയുമാണ്.
കന്നഡ സിനിമയിലൂടെയും സമാന്തര സിനിമകളിലൂടെയും ശ്രദ്ധേയനായ അനന്ത് നാഗ്, അഞ്ച് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമാണ്. നാടകങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
2026 സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കേവഡിയയിൽ വച്ച് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ വച്ച് അനന്ത് നാഗിന് ഈ പുരസ്കാരം സമ്മാനിക്കും. 2025ൽ പദ്മഭൂഷണ്‍ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
മലയാളത്തിൽ ലെനിൻ രാജേന്ദ്രൻ ചിത്രമായ സ്വാതി തിരുനാളിൽ സ്വാതി തിരുനാളായി അഭിനയിച്ചത് അനന്ത് നാഗ് ആയിരുന്നു. മലയളാത്തിനു പുറമേ ഹിന്ദി, മറാഠി, തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പുരസ്കാരനേട്ടത്തിനു പിന്നാലെ അനന്ത് നാഗിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചു.
Tags : Veteran Actor Actor Anant Nag Dadasaheb Phalke Award