സൂര്യയും ജ്യോതികയും
വിവാഹവാർഷികത്തിൽ മക്കളുടെ സാന്നിധ്യത്തിൽ വീണ്ടും വിവാഹിതരായതിന്റെ വീഡിയോ കഴിഞ്ഞദിവസം ജ്യോതിക പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചടങ്ങിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങളും താരം പങ്കുവച്ചു.
‘ദ് സീക്വൽ’ എന്നു പേരിട്ടിരുന്ന വിവാഹച്ചടങ്ങിലെ ചിത്രങ്ങളാണ് ജ്യോതിക പങ്കുവച്ചത്. പരമ്പരാഗത ക്രിസ്ത്യൻ വിവാഹവേഷത്തിലാണ് ജ്യോതികയും സൂര്യയും എത്തിയത്.

ജ്യോതികയ്ക്കൊപ്പം ബ്രൈയ്ഡ്സ് മെയ്ഡായി മകൻ ദേവും സൂര്യക്കൊപ്പം മകൾ ദിയയുമായിരുന്നു. ബര്‍ഗണ്ടി നിറത്തിലുള്ള ബ്ലേസറിലുള്ള സൂര്യയുടെയും ലാവണ്ടർ നിറത്തിലുള്ള ഗൗണ്‍ ധരിച്ച ജ്യോതികയുടെ ചിത്രങ്ങളും പുറത്തുവിട്ടു.
ജ്യോതികയുടെ വാക്കുകൾ
‘ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമുള്ള ഈ പ്രത്യേക ദിനത്തിലെ ചില നിമിഷങ്ങൾ പങ്കുവെക്കുന്നു. ഇന്ദ്രജിത്തിനും, ടിജ ഇന്ദ്രജിത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങൾ രണ്ടുപേരുമില്ലായിരുന്നെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഇന്ദ്രജിത്ത്, കുടുംബം എന്ന് പറയുന്നത് എപ്പോഴും രക്തബന്ധം കൊണ്ട് മാത്രം ആവണമെന്നില്ല ചോദിക്കാതെ തന്നെ, കൂടെ നിൽക്കേണ്ട സമയത്തൊക്കെ ഓടിയെത്തുന്നവരാണ് യഥാർഥ കുടുംബം. അത് നീയാണ്.

ഞങ്ങളുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ഏകോപിപ്പിച്ച വൺ മാൻ ഷോ വെഡ്ഡിംഗ് കോർഡിനേറ്റർ ലിസ ബെവർ - ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചതിന് ഒത്തിരി നന്ദി.
ആദ്യത്തെ സൂം കോൾ മുതൽ തന്നെ താങ്കളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റവും മികച്ച സഹകരണവും വേറിട്ടുനിന്നു. മറ്റ് വിവാഹങ്ങൾ കൈകാര്യം ചെയ്യുന്നതിനിടയിലും, അറ്റമില്ലാത്ത വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെ മേക്കപ്പ്, ഫ്ലോറിസ്റ്റുകൾ, ക്ഷണക്കത്തുകൾ, യാത്രകൾ തുടങ്ങി എല്ലാ കാര്യങ്ങളും താങ്കൾ എത്ര ഭംഗിയായാണ് ഏകോപിപ്പിച്ചത്! ഞങ്ങളുടെ ഈ സന്തോഷത്തിന് വലിയൊരു കാരണമായതിന് നന്ദി ലിസ.

ഈ ചടങ്ങിന് പിന്നിൽ പ്രവർത്തിച്ച ഞങ്ങളുടെ പ്രിയ സുഹൃത്തുക്കൾക്ക് പ്രത്യേക നന്ദി - അവസാനിക്കാത്ത ഏകോപനങ്ങൾക്കും, യാതൊരു സ്വാർത്ഥതയുമില്ലാതെ നൽകിയ സ്നേഹത്തിനും സമയത്തിനും മനോജിന് നന്ദി.
കൂടാതെ, ഞങ്ങളുടെ ഈ പ്രത്യേക ദിനത്തിൽ ഞങ്ങളെ ഇത്രയും സുന്ദരമായി അണിയിച്ചൊരുക്കിയ രാധിക മെഹ്റയ്ക്കും നന്ദി. മൂന്ന് മാസത്തെ അധ്വാനമാണ് അവർ തികഞ്ഞ സ്നേഹത്തോടെ ഇതിനായി നൽകിയത്. ഇത് സാധ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി’, ജ്യോതിക പറയുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് സൂര്യ-ജ്യോതിക ദാമ്പത്യത്തിന് ഇരുപത് വയസ് പൂർത്തിയായി. സന്തുഷ്ടകരമായ കുടുംബജീവിതം ഇരുപത് വർഷം പിന്നിടുമ്പോൾ ദമ്പതികൾ അത് ആഘോഷിച്ചത് ഒരു വിവാഹ വാഗ്ദാന പുതുക്കൽ ചടങ്ങ് പാശ്ചാത്യ ശൈലിയിൽ നടത്തിയാണ്. വിദേശത്ത് വച്ച് നടന്ന ചർച്ച് വെഡ്ഡിംഗിലൂടെയായിരുന്നു ഈ മനോഹരനിമിഷം അവർ പുനരവതരിപ്പിച്ചത്.
Tags : Jyotika Suriya Church Wedding Viral Christian Bride