ചിത്രത്തിന്റെ പോസ്റ്റർ
മമ്മൂട്ടി ചിത്രം ‘മേള’യുടെ പുതിയ പോസ്റ്റർ പങ്കുവച്ച് അണിയറപ്രവർത്തകർ. ദീപാവലി പോസ്റ്ററാണ് പുറത്തിറക്കിയത്. ആഘോഷ മൂഡ് നൽകുന്ന പോസ്റ്ററിൽ മാസ്സ് ലുക്കിലാണ് മമ്മൂട്ടി.
കറുത്ത നിറത്തിലുള്ള മുണ്ടും ഷർട്ടും ധരിച്ച് കസേരയിലിരക്കുന്ന മമ്മൂട്ടിക്ക് ചുറ്റും മറ്റ് കഥാപാത്രങ്ങൾ നിൽക്കുന്നത് പോസ്റ്ററിൽ കാണാം. പോസ്റ്ററിനൊപ്പമുള്ള പശ്ചാത്തല സംഗീതവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ബിജിഎമ്മും വലിയ തരംഗമായിരുന്നു. വിഷ്ണു വിജയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആക്ഷനും കോമഡിയും മാസ് ഘടകങ്ങളും കോർത്തിണക്കിയാണ് ചിത്രമൊരുക്കുന്നത് എന്നാണ് റിപ്പോർട്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറിലൊരുങ്ങുന്ന ഒൻപതാമത്തെ ചിത്രമാണ് ‘മേള’. ‘ഫാലിമി’ ‘തലൈവർ തമ്പി തലൈമയിൽ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാൻവാസിലാണ് ‘മേള’ ഒരുങ്ങുന്നത്.
നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദാണ്.
ജൂലൈ അവസാനവാരം ചിത്രീകരണം ആരംഭിച്ച സിനിമയുടെ പ്രൊഡക്ഷൻ ജോലികൾ നിലവിൽ പുരോഗമിച്ചുവരികയാണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം 2027ൽ തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന.
Tags : Actor Mammootty Mammootty Mela cinema malayalam