ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം അതീവ സംഘർഷാവസ്ഥയിലേക്ക്. ഗൾഫ് രാജ്യങ്ങളിലെ പ്രധാന എണ്ണ-വാതക നിലയങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതോടെ ലോകമെമ്പാടും എണ്ണവില കുതിച്ചുയരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം ഏതാണ്ട് പൂർണമായും തടസപ്പെട്ടത് ആഗോള വിതരണ ശൃംഖലയെ പ്രതിസന്ധിയിലാക്കി.
യാൻബു നഗരത്തിലെ സാംറെഫ് റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. പ്രതിദിനം നാല് ലക്ഷം ബാരൽ ഉത്പാദന ശേഷിയുള്ള പ്ലാന്റാണിത്. ലോകത്തിലെ ഏറ്റവും വലിയ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് കയറ്റുമതി പ്ലാന്റായ റാസ് ലഫാൻ മിസൈൽ ആക്രമണത്തിൽ തകർന്നു. ഇതോടെ ഖത്തറിൽ നിന്നുള്ള ഗ്യാസ് ഉത്പാദനവും നിർത്തിവെച്ചിരിക്കുകയാണ്.
മിന അൽ-അഹമ്മദി, മിന അബ്ദുള്ള എന്നീ രണ്ട് വൻകിട റിഫൈനറികൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഇവിടെ വൻ തീപിടുത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെ വന്ന മിസൈലുകൾ തകർത്തെങ്കിലും അവയുടെ അവശിഷ്ടങ്ങൾ വീണ് പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചു.
വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 114–115 ഡോളർ വരെ ഉയർന്നു. അമേരിക്കൻ വിപണിയിലെ എണ്ണവില 97 ഡോളറിലെത്തി. യൂറോപ്പിലെ ഗ്യാസ് വിലയിൽ ഒറ്റദിവസം കൊണ്ട് 30 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇറാന്റെ പ്രധാന വാതകപ്പാടമായ സൗത്ത് പാഴ്സിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളിലെ ഊർജ നിലയങ്ങളെ ഇറാൻ ലക്ഷ്യമിട്ടത്.
Tags : Gulf Energy Plants Global Markets in Turmoil Latest News