ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാംഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കാൻ ഇന്നലെ ഡൽഹിയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ധാരണയായി. 50ഓളം പേർ അടങ്ങുന്ന സ്ഥാനാർഥികളുടെ പട്ടികയായിരിക്കും പ്രഖ്യാപിക്കുക. കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നാണ് സൂചന. എന്നാൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ കാര്യത്തിൽ തീരുമാനമായില്ല. 47 പേരുടെ പട്ടികയാണ് ആദ്യം പ്രഖ്യാപിച്ചത്.
അടൂരിൽ ആശാനാഥ് സ്ഥാനാർതിയായേക്കും. ആറന്മുള സീറ്റ് ബിഡിജെഎസിന് നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സി സദാനന്ദൻ എംപി എന്നിവരും ഉണ്ടായിരുന്നു.
സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടികയിലെ പേരുകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പട്ടിക പുറത്തിറക്കുന്നത്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുന്ന ജനകീയ മുഖങ്ങളെ കണ്ടെത്താനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്.
Tags : BJP Kummanam Rajasekaran contest election kerala