ന്യൂഡൽഹി: ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മോഡലും നടിയുമായ ത്വിഷാ ശർമയുടെ (33) മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സംസ്ഥാന പോലീസിൽ നിന്നും കേസ് ഡയറിയും രേഖകളും കൈപ്പറ്റിയ സിബിഐ, പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിൽ നിന്നുള്ള സിബിഐയുടെ പ്രത്യേക കുറ്റാന്വേഷണ വിഭാഗം ഭോപ്പാലിലെത്തി അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കേസിന്റെ പ്രധാന രേഖകളും തെളിവുകളും ശേഖരിക്കുകയും ചെയ്തു. മേയ് 12-നാണ് ഭോപ്പാലിലെ കതാരാ ഹിൽസിലുള്ള ഭർതൃവീട്ടിൽ ട്വിഷാ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമായിരുന്നു മരണം.
ട്വിഷായുടെ ഭർത്താവ് സമർത്ഥ് സിംഗ്, ഭർതൃമാതാവും മുൻ ജഡ്ജിയുമായ ഗിരിബാല സിംഗ് എന്നിവർക്കെതിരെയാണ് കേസ്. ഭോപ്പാൽ പോലീസ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 80(2), 85, 3(5) എന്നിവയും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മകളെ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നു എന്ന് ട്വിഷായുടെ കുടുംബം ആരോപിക്കുന്നു. എന്നാൽ ട്വിഷാ മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് ഭർതൃവീട്ടുകാരുടെ വാദം.
Tags : CBI Twisha Sharma Dowry death Latest News