കോണ്ഗ്രസ് കുടുംബവാഴ്ചയുള്ള പാർട്ടിയായി മാറിയെന്ന അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നുവെന്നു കോണ്ഗ്രസ് എംപി കാർത്തി ചിദംബരം.
കുടുംബാധിഷ്ഠിത പാർട്ടികൾക്കു പ്രസക്തി നഷ്ടപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായി നടത്തി വിശദ പ്രതികരണത്തിലാണ് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്റെ പ്രസ്താവന. പിതാവിന്റെ സ്വാധീനത്താൽ തനിക്കും അതിവേഗം രാഷ്ട്രീയത്തിൽ നേട്ടമുണ്ടായെന്നും കാർത്തി പറഞ്ഞു.
ഇന്ത്യയിലെ മിക്ക രാഷ്്ട്രീയ പാർട്ടികളും കുടുംബ കേന്ദ്രീകൃതമാണ്. നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുള്ള ആർക്കും നയിക്കാൻ കഴിയാത്ത കുടുംബ പാരന്പര്യമായി കോണ്ഗ്രസ് മാറിയെന്നു സമ്മതിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് “ഞാൻ അതിനോടു പൂർണമായും യോജിക്കുന്നു” എന്നായിരുന്നു കാർത്തിയുടെ മറുപടി. ബിഹാറിൽ ആർജെഡി- കോണ്ഗ്രസ് പാർട്ടികൾക്കേറ്റ കനത്ത പരാജയത്തിന്റെ പിന്നാലെ നടത്തിയ ടെലിവിഷൻ അഭിമുഖത്തിലാണു കാർത്തിയുടെ പ്രസ്താവന.