ഗോകുൽ കൃഷ്ണ, ഗംഗ
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമാണെന്ന് പൊലിസ് വ്യക്തമാക്കി. പത്തനംതിട്ട അടൂർ സ്വദേശി ഗംഗയാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തിൽ ആൺസുഹൃത്തായ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയെ (23) പൊലിസ് അറസ്റ്റ് ചെയ്തു. ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന സംശയം ഗോകുലിനുണ്ടായിരുന്നുവെന്നും വിളിക്കുമ്പോൾ പലപ്പോഴും ഫോൺ എൻഗേജ്ഡ് ആയത് ഈ സംശയം വർദ്ധിപ്പിച്ചെന്നും പൊലിസ് പറയുന്നു. വ്യാഴാഴ്ച ഇരുവരും ഒരുമിച്ചുണ്ടായിരുന്ന സമയത്ത് ഗംഗയുടെ ഫോണിലേക്ക് മറ്റൊരു കോൾ വന്നതിനെ ചൊല്ലി രാത്രിയിൽ വഴക്കുണ്ടാവുകയും വെള്ളിയാഴ്ച രാവിലെയും ഈ തർക്കം തുടരുകയുമായിരുന്നു.
ബംഗളൂരു കോട്ടൺപേട്ട് ഒ.ടി.സി റോഡിൽ തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള റീജൻസി ഇൻ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. രാവിലെയുണ്ടായ വാക്കേറ്റത്തിനൊടുവിൽ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് ഗോകുൽ ഗംഗയുടെ വയറ്റിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ഗംഗയെ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം കത്തിയുമായി ലോഡ്ജിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സംശയം തോന്നിയ ജീവനക്കാർ തടഞ്ഞുനിർത്തി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു.
നഴ്സിംഗ് കോളജിൽ പഠിക്കുന്ന കാലത്താണ് ഗംഗയും സീനിയറായിരുന്ന ഗോകുലും പ്രണയത്തിലാകുന്നത്. പഠനം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചുവരികയായിരുന്നു. നഴ്സിംഗ് പ്രവേശനത്തിനും ജോലിക്കുമായി വിദ്യാർഥികളെ സഹായിക്കുന്ന ഇടനിലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു ഗോകുൽ. സംഭവത്തിന് തലേന്നും ലോഡ്ജിന് സമീപത്തെ റോഡരികിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. ലോഡ്ജിലേക്ക് വരുമ്പോൾ തന്നെ ഗോകുൽ കത്തി കൈവശം കരുതിയിരുന്നോ എന്നും കൊലപാതകം ആസൂത്രിതമാണോ എന്നും പൊലിസ് വിശദമായി അന്വേഷിച്ചുവരികയാണ്.