ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും തിങ്കളാഴ്ച ഡൽഹിയിലെത്തും. മന്ത്രിസഭ പുനസംഘടനയും ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇരുനേതാക്കളും ഡൽഹിയിലെത്തുന്നത്.
ആദ്യഘട്ടത്തിൽ നാല് ഉപമുഖ്യമന്ത്രിമാർ വരെ ഹൈക്കമാൻഡ് ആലോചിച്ചിരുന്നു. എന്നാൽ നിലവിൽ അതേ കുറിച്ച് വ്യക്തതയില്ല. തന്റെ അടുത്ത അനുയായി പരമേശ്വരയ്ക്കായി സിദ്ധരാമയ്യ സമ്മർദം ചെലുത്തുന്നുണ്ട്.
എന്നാൽ ഉപമുഖ്യമന്ത്രിയെ വേണ്ട എന്ന നിലപാടിലാണ് ഡി.കെ.ശിവകുമാർ. ഇതോടെയാണ് ഇരുനേതാക്കളെയും നാളെ വീണ്ടും ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ശിവകുമാറിനൊപ്പം ആരെല്ലാമാണ് മന്ത്രിമാരായി ചുമതല ഏൽക്കുക എന്ന കാര്യത്തിലും അവ്യക്തതയുണ്ട്.
ഡൽഹിയിലെ ചർച്ചയ്ക്ക് പിന്നാലെ തിങ്കളാഴ്ച വൈകിട്ടോടെ വ്യക്തതയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടയിലാണ് ജൂൺ മൂന്നിന് നിശ്ചയിച്ച സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.
Tags : DK Shivakumar Siddaramaiah Delhi congress