ഹൈദരാബാദ്: മദ്യലഹിയിൽ ഗച്ചിബൗളിൽ പോലീസിനെ ഇടിച്ച് ബോണറ്റിൽ കിടത്തി കാറോടിച്ച യുവാവ് പിടിയിൽ. നർസിംഗി സ്വദേശി ജി. തരുൺ (24) ആണ് പരാക്രമം നടത്തിയത്
മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച തരുൺ, നാക്രാംഗുഡയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുവെങ്കിലും ഇയാൾ കാറുമായി മുന്നോട്ട് പോയി.
ഈ സമയം വഴിയരികിൽ നിന്ന നരസിംഹലു എന്ന പോലീസ് ഉദ്യോഗസ്ഥൻ കാർ നിർത്താൻ ആവശ്യപ്പെട്ടു. ഇയാൾ വേഗത കുറച്ച് കാർ നിർത്തുന്നതുപോലെ കാണിച്ചുവെങ്കിലും പിന്നീട് വേഗത കൂട്ടി അദ്ദേഹത്തെ ഇടിക്കാൻ ശ്രമിച്ചു.
കാറിടിക്കാതിരിക്കാൻ നരസിംഹലു ബോണറ്റിൽ ചാടി കയറി. തുടർന്ന് അദ്ദേഹത്തെ ബോണറ്റിൽ കിടത്തികൊണ്ട് അപകടകരമായ രീതിയിൽ തരുൺ 800 മീറ്ററോളം കാറോടിച്ചു. വഴിയരികിൽ ഉണ്ടായിരുന്നവരും ബൈക്ക് യാത്രികരും ചേർന്ന് കാർ തടഞ്ഞു നിർത്തിയ ശേഷം തരുണിനെ പോലീസിനെ ഏൽപ്പിച്ചു.
നരസിംഹലു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച് അപകമുണ്ടാക്കിയതിനും കൊലപാതക ശ്രമത്തിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Tags : Drunk youth drags police constable Mercedes bonnet