പ്രതീകാത്മക ചിത്രം
റായ്പൂർ: രാജ്യവ്യാപകമായി ഇ20 പെട്രോളിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ എൻജിൻ തകരാറിലായെന്ന പരാതിയിൽ വാഹന ഉടമയ്ക്ക് അനുകൂല വിധിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. ഇ20 പെട്രോളുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യത്തെ അനുകൂല വിധിയാണിത്.
ഉപഭോക്താവിന് പുതിയ വാഹനം നൽകാനാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. പുതിയ വാഹനം നല്‍കിയില്ലെങ്കില്‍ 45 ദിവസത്തിനകം 21,60,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കമ്മീഷന് ഉത്തരവിട്ടു.
ഛത്തീസ്ഘട്ടിലെ റായ്പൂരിലാണ് രാജ്യശ്രദ്ധ പിടിച്ചുപറ്റിയ ഉത്തരവ്. വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിക്കും, ഡീലര്‍ക്കുമാണ് നിര്‍ദേശം. ഡോ. പ്രേംരാജ് ദേവത് എന്ന ഉപഭോക്താവിനാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ അനുകൂല വിധിയുണ്ടായത്.
2024ല്‍ ആയിരുന്നു പ്രേംരാജ് ദേവത് ഗ്രാൻഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് Zeta+ എന്ന വാഹനം സ്വന്തമാക്കിയത്. എന്നാൽ 21,000 കിലോമീറ്റർ ഓടിയ ശേഷം എൻജിൻ നിരന്തരം പ്രവർത്തനരഹിതമാകുകയായിരുന്നു.
ഇതേ തുടർന്ന് സർവീസ് സെന്ററിൽ പലതവണ കൊണ്ടുപോയെങ്കിലും ഇന്ധന ടാങ്കിൽ മാലിന്യം കണ്ടെത്തിയതിനെ തുടർന്ന് പലതവണ അത് ക്ലീൻ ചെയ്യേണ്ടിവന്നു. ഇതോടെ ഇന്ധനടാങ്കിൽ കണ്ടെത്തുന്ന മാലിന്യം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.
പരിശോധനയിൽ എഥനോളാണ് എൻജിൻ തകരാറിന് കാരണമായതെന്ന് കണ്ടെത്തി. എന്നാൽ ഗുണമേന്മയില്ലാത്ത ഇന്ധനം നിറച്ചതാണ് തകരാറിന് കാരണമെന്ന് മാരുതി സുസുകി വാദിച്ചു.
വിപണിയില്‍ ലഭ്യമാകുന്ന ഇന്ധനം കൃത്യമായി ഉപയോഗിക്കുന്ന വിധം സാങ്കേതിക വിദ്യയോടെ വാഹനങ്ങള്‍ എത്തിക്കുകയെന്നത് നിര്‍മ്മാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഇതേ തുടർന്നാണ് ഉപഭോക്താവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines