പ്രതീകാത്മക ചിത്രം
തൃശൂർ: പാലിയേക്കര മേൽപ്പാലത്തിന് സമീപം കഴിഞ്ഞ ദിവസം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തലവണിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പിൽ ചന്ദ്രൻ (70) ആണ് കൊല്ലപ്പെട്ടത്.
കേസിൽ തമിഴ്നാട് ധർമ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.
ജൂലൈ 14-ന് രാവിലെയാണ് പാലിയേക്കര മേൽപ്പാലത്തിന്റെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ ചന്ദ്രന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തുന്നത്. ആദ്യം സാധാരണ മരണമെന്ന് കരുതിയെങ്കിലും ശരീരത്തിലെ പരിക്കുകളാണ് പോലീസിന് സംശയമുണ്ടാക്കിയത്.
കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ചന്ദ്രൻ പാലിയേക്കര മേൽപ്പാലത്തിനടിയിലായിരുന്നു രാത്രികളിൽ കഴിഞ്ഞിരുന്നത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഇയാൾ ഉപജീവനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതേ മേഖലയിൽ ആക്രി പെറുക്കുന്ന പ്രതി പ്രഭാകരനും കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രനൊപ്പമാണ് രാത്രി ചെലവഴിച്ചിരുന്നത്.
സംഭവദിവസം ആക്രി വിറ്റുകിട്ടിയ തുകയുമായി ഇരുവരും ആദ്യം കള്ളുഷാപ്പിലെത്തി മദ്യപിച്ചു. തുടർന്ന് വീണ്ടും മദ്യവുമായെത്തി മേൽപ്പാലത്തിനടിയിലിരുന്ന് കുടിക്കുന്നതിനിടയിൽ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.
തർക്കത്തിനിടെ പ്രതി അടുത്തുണ്ടായിരുന്ന കരിങ്കല്ലും കോൺക്രീറ്റ് കഷണങ്ങളും ഉപയോഗിച്ച് ചന്ദ്രന്റെ തലയ്ക്ക് ക്രൂരമായി ഇടിച്ചും എറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുട്ടനെല്ലൂർ ഭാഗത്തുള്ള ആളൊഴിഞ്ഞ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മൊബൈൽ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.
Tags : Paliyekkara elderly man murder arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash