പ്രതീകാത്മക ചിത്രം
ലണ്ടൻ: യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു. പഞ്ചാബ് സ്വദേശിനി കിരൺദീപ് കൗർ (24) ആണ് കൊല്ലപ്പെട്ടത്. കിരൺദീപിന്റെ ഭർത്താവിനെ വീടിന് പുറത്ത് കുത്തേറ്റനിലയിലും കണ്ടെത്തി. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഡാനിയേൽ സീൻ ജെയിംസ് (44) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുന്നതിനിടെ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.
വെസ്റ്റ് ലണ്ടനിലെ ഹയേസിലാണ് കിരൺദീപും കുടുംബവും താമസിച്ചിരുന്നത്. വീട്ടിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് കിടപ്പുമുറിയിൽ കയറി കിരൺദീപിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവം വംശീയ ആക്രമണമാണെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും വംശീയ ആക്രമണമാണെന്ന വാദത്തിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
രണ്ടുവർഷം മുൻപ് സ്റ്റുഡന്റ് വീസയിലാണ് കിരൺദീപ് യുകെയിലേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് വർക്ക് പെർമിറ്റ് ലഭിച്ച് യുകെയിൽ തന്നെ ജോലിചെയ്തുവരികയായിരുന്നു. കിരൺദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സഹായം ചെയ്യണമെന്ന് മാതാപിതാക്കൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
Tags : Deepika Crime Police Death