ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിലേക്ക് ഡീസൽ വിതരണം പുനഃരാരംഭിച്ച് ഇന്ത്യ. ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈൻ വഴിയാണ് ഇന്ധനം നൽകുന്നത്.
ആസാമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്ന് 5,000 ടൺ ഡീസൽ ചൊവ്വാഴ്ചയോടെ ബംഗ്ലാദേശിലെത്തുമെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ ചെയർമാൻ മുഹമ്മദ് റൈസാനൂർ റഹ്മാൻ വ്യക്തമാക്കി. ഇന്ത്യ നൽകുന്ന ഇന്ധനം ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധിക്ക് വലിയ ആശ്വാസമാണ്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചതാണ് ബംഗ്ലാദേശിലെ കടുത്ത ഇന്ധന പ്രതിസന്ധിക്ക് കാരണമായത്. ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങളുടെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്.
പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ കടുത്ത ഇന്ധന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ടു വീലറുകൾക്ക് 10 ലിറ്ററും കാറുകൾക്ക് 40 ലിറ്ററുമായി ഇന്ധന വിതരണം പരിമിതപ്പെടുത്തിയിരുന്നു.
Tags : Fuel crisis Bangladesh diesel india