എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം (ഫയൽ ചിത്രം)
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം കൂടുതൽ വാങ്ങാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട്.
അഞ്ച് എസ്-400 സംവിധാനങ്ങൾക്കൂടി റഷ്യയിൽനിന്നു വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നിർമാണച്ചെലവും സാമഗ്രികളും സംബന്ധിച്ച വിശദമായ വിവരങ്ങൾ റഷ്യ ഇന്ത്യക്കു കൈമാറി.
ടിബറ്റിലെ ഹോത്തൻ, ലാസ, നിഞ്ചി വ്യോമതാവളങ്ങളിൽ ചൈനയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ ജെ-20 വിന്യസിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തിമേഖലയിൽ സുരക്ഷ ശക്തമാക്കാൻ പുതിയ എസ്-400 സംവിധാനങ്ങൾ അനിവാര്യമാണെന്നാണു വ്യോമസേനയുടെ വിലയിരുത്തൽ.
സാമ്പത്തിക കാര്യങ്ങളിൽ അന്തിമതീരുമാനമാകുകയും ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുകയും ചെയ്തശേഷം, സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി കരാറിന് അന്തിമാംഗീകാരം നൽകും.
11,12 തീയതികളിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡൽഹിയിലെത്തുമ്പോൾ ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യ ഉൾപ്പടെയുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2018ൽ 5.43 ബില്യൺ യുഎസ് ഡോളറിന് കരാർ ചെയ്ത അഞ്ച് എസ്-400 സംവിധാനങ്ങളിൽ അവസാനത്തേത് ഈ വർഷം നവംബറോടെ ഇന്ത്യയിലെത്തും. അതേസമയം, റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്യു-57ന്റെ രണ്ട് സ്ക്വാഡ്രണുകൾ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
Tags : India Buy S-400s Russia AirDefenceSystem Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash