റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി മോസ്കോയിലെത്തിയ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും
മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധിസംഘം മോസ്കോയിലെത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരെദ് കുഷ്നർ എന്നിവരടങ്ങുന്ന സംഘമാണ് റഷ്യൻ തലസ്ഥാനത്തെത്തിയത്. റഷ്യയിലെ ചർച്ചകൾക്കുശേഷം സംഘം യുക്രെയ്ൻ തലസ്ഥാനമായ കീവും സന്ദർശിക്കും.
അമേരിക്കൻ സംഘത്തിന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രിമുതൽ കീവിനുനേർക്കുള്ള ആക്രമണങ്ങൾ മൂന്നു ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പുടിൻ ഉത്തരവിട്ടു. എന്നാൽ ഈ താത്കാലിക ആശ്വാസം തലസ്ഥാനമായ കീവിനു മാത്രമായിരിക്കുമെന്നും യുക്രെയ്ന്റെ മറ്റു ഭാഗങ്ങളിൽ ആക്രമണം തുടരുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
യുഎസ് സംഘത്തിന്റെ യുക്രെയ്ൻ സന്ദർശനത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ആക്രമണം താത്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് ക്രെംലിൻ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങളുമായാണ് പ്രതിനിധിസംഘം റഷ്യയിലേക്കു പുറപ്പെട്ടിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും വിട്ടുവീഴ്ചകൾക്കു തയാറല്ലെന്ന സൂചനയാണ് റഷ്യ നൽകുന്നത്.
മോസ്കോ സന്ദർശനത്തിനുശേഷം ഇന്നു കീവിലെത്തുന്ന അമേരിക്കൻ സംഘവുമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗിക വഴികൾ ചർച്ച ചെയ്യുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കി.
Tags : Trump Envoys Moscow Talks Ukraine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash