ചണ്ഡീഗഢ്: ഓപ്പറേഷൻ സിന്ദൂറിലെ സൈനിക പരാജയത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ചാരപ്രവർത്തനം തീവ്രമാക്കിയതായി പഞ്ചാബ് പോലീസ് റിപ്പോർട്ട്. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിലാണ് 457 പാക് ഏജന്റുമാരെയും അവർക്ക് ഒത്താശ ചെയ്യുന്നവരെയും പിടികൂടിയത്.
ഭരണപരമായ വിവരങ്ങൾ ചോർത്തുന്നതിനും സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും ഐഎസ്ഐ പുതിയ മാർഗ്ഗങ്ങൾ അവലംബിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സൈനിക കേന്ദ്രങ്ങൾക്കും പോലീസ് സ്റ്റേഷനുകൾക്കും സമീപം സിം കാർഡ് വഴി പ്രവർത്തിക്കുന്ന സോളാർ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അതിർത്തിക്കപ്പുറത്തേക്ക് ദൃശ്യങ്ങൾ കൈമാറാൻ ഐഎസ്ഐ ശ്രമിച്ചു. 2026 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം ഇത്തരം നീക്കങ്ങൾ കണ്ടെത്തി തകർത്തു.
സോഷ്യൽ മീഡിയ വഴിയുള്ള ഹണിട്രാപ്പുകളിലൂടെയും പണം വാഗ്ദാനം ചെയ്തുമാണ് ചാരസംഘടന ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഹവാല ഇടപാടുകളിലൂടെയും എൻക്രിപ്റ്റഡ് ആപ്പുകളിലൂടെയുമാണ് ഇവർക്ക് പണം കൈമാറുന്നത്. പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് നൽകുന്ന വിവരങ്ങൾ പ്രകാരം, പഞ്ചാബ് പോലീസ് നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഏജൻസികളിലും ഇത്രയധികം പേരെ പിടികൂടാൻ സാധിച്ചത്. 2025-ൽ 457 പേരും 2026 മാർച്ച് വരെ 17 പേരും പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടതിന്റെ പേരിൽ പിടിയിലായിട്ടുണ്ട്.
ഐഎസ്ഐയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പഞ്ചാബ് തുടരുകയാണെന്നും എന്നാൽ പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ജാഗ്രത മൂലം പല നിർണായക വിവരങ്ങളും ചോരുന്നത് തടയാൻ സാധിച്ചുവെന്നും ഡിജിപി പറഞ്ഞു. സംഭവത്തെത്തുടർന്ന് രാജ്യവ്യാപകമായി സുരക്ഷാ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Tags : Army Security Sindoor Latest News