മുംബൈ: ‘ഡോൺ 3’ സിനിമയിൽനിന്നുള്ള പെട്ടെന്നുള്ള പിന്മാറ്റവുമായി ബന്ധപ്പെട്ട് നടൻ രൺവീർ സിംഗിനെതിരെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് വിലക്ക് ഏർപ്പെടുത്തിയ വിവാദത്തിൽ രൺവീറിന് പിന്തുണയുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തന്റെ പുതിയ ചിത്രമായ 'ഭാരത് ഭാഗ്യ വിധാതാ'യുടെ ട്രെയിലർ ലോഞ്ചിനിടെയാണ് കങ്കണ രൺവീറിന് പിന്തുണ പ്രഖ്യാപിച്ചത്.
"വിജയശ്രീലാളിതരായ ആളുകൾക്ക് എപ്പോഴും ജീവിതത്തിൽ ശത്രുക്കളുണ്ടാകും. രൺവീർ സിംഗ് തന്റെ കരിയറിൽ നേടിയ വിജയങ്ങളെക്കുറിച്ച് മാത്രം ഇപ്പോൾ ചിന്തിച്ചാൽ മതി. ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ നിരവധി തടസങ്ങൾ നേരിടേണ്ടി വരും. എനിക്കും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്, ഞാൻ ഇപ്പോഴും നന്നായി തന്നെ മുന്നോട്ടു പോകുന്നു," കങ്കണ പറഞ്ഞു.
രൺവീറിനെ വിലക്കിയ യൂണിയൻ നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സംവിധായകൻ രാം ഗോപാൽ വർമയും രംഗത്തെത്തി. ഫെഡറേഷൻ ഒരു കങ്കാരു കോടതിയാണെന്നും ലക്ഷക്കണക്കിന് തൊഴിലാളികൾക്കു ജോലി നൽകുന്നത് രൺവീറിനെപ്പോലെയുള്ള സൂപ്പർ താരങ്ങളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ വിലക്ക് വിലപ്പോകില്ലെന്നും ഒടുവിൽ യൂണിയൻ സ്വയം ഒരു തമാശയായി മാറുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
രൺവീർ സിംഗ് 'ഡോൺ 3'യിൽനിന്നു പെട്ടെന്ന് പിന്മാറിയത് കാരണം പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിൽ 45 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു കാണിച്ച് സംവിധായകൻ ഫർഹാൻ അക്തർ നൽകിയ പരാതിയിലാണ് ഫെഡറേഷൻ രൺവീറിനെതിരെ നടപടിയെടുത്തത്.
Tags : Kangana Ranaut Ranveer Singh 'Don 3' Latest News