ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള രാജ്യസഭ ഇന്ന് തമാശയുടെയും പൊട്ടിച്ചിരികളുടെയും നിമിഷങ്ങൾക്ക് വേദിയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സഭയിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകുന്നതിനിടെ നടത്തിയ പ്രസംഗമാണ് ശ്രദ്ധേയമാകുന്നത്.
ഖാർഗെയുടെ നടത്തിയ 'വിവാഹ' പരാമർശം ആണ് സഭയിൽ ചിരി പടർത്തിയത്. എച്ച്.ഡി. ദേവഗൗഡയും ബിജെപി നയിക്കുന്ന എൻഡിഎയും തമ്മിലുള്ള സഖ്യത്തെ ലക്ഷ്യം വച്ച് ഖാർഗെ പറഞ്ഞ വാക്കുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും ചിരിപ്പിച്ചത്.
തനിക്ക് എച്ച്.ഡി. ദേവഗൗഡയെ 54 വർഷത്തിലേറെയായി അറിയാം. തങ്ങൾ ഒരുമിച്ച് ഒരുപാട് കാലം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ല. അദ്ദേഹം പ്രേമിച്ചത് തങ്ങളെയായിരുന്നു. പക്ഷേ വിവാഹം കഴിച്ചത് മോദി സാഹിബിനെയാണെന്നും ഖാർഗെ പറഞ്ഞു.
"വോ മൊഹബത്ത് ഹമാരെ സാത്ത് കിയെ, ശാദി മോദി സാഹിബ് കെ സാത്ത്' എന്നായിരുന്നു ഖാർഗെയുടെ വാക്കുകൾ. തുടർന്ന് സഭയിൽ ചിരി പടർന്നു. നരേന്ദ്ര മോദിയും ചിരിയടക്കാനാവാതെ ഖാർഗെയുടെ തമാശ ആസ്വദിക്കുന്ന കാഴ്ച കൗതുകമായി.