ഇംഫാൽ: മണിപ്പുരിൽ രണ്ടു കുട്ടികളുടെ ജീവനപഹരിച്ച ബോംബ് സ്ഫോടനത്തെത്തുടർന്ന് താഴ്വരയിലെ അഞ്ചു ജില്ലകളിൽ അതീവജാഗ്രത തുടരുന്നു. ബുധനാഴ്ച അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ലെങ്കിലും കലാപഭീതി നിലനിൽക്കുകയാണ്.
മേഖലയിൽ കർഫ്യു തുടരുകയാണ്. കനത്ത പോലീസ് സന്നാഹം ഉണ്ടെങ്കിലും ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ ഭടന്മാരും ഏറ്റുമുട്ടി. കണ്ണീർവാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ സുരക്ഷാസേന പിരിച്ചുവിട്ടത്.
ഇംഫാൽ ഈസ്റ്റിലെ ഖുരായ് ലാംലോംഗിലും വാംഗ്യിലും ഇംഫാൽ വെസ്റ്റിലെ ഉറിപോകിലും ക്വാകിതേലിലും ടയറുകൾ കത്തിച്ചായിരുന്നു പ്രതിഷേധം. അതേസമയം, അഞ്ചു ജില്ലകളിൽ നിലനിന്നിരുന്ന ഇന്റർനെറ്റ് വിലക്ക് ഭാഗീകമായി പിൻവലിച്ചു. ബ്രോഡ്ബാൻഡ് സർവീസ് അനുവദിക്കുമെങ്കിലും മൊബൈൽ ഇന്റർനെറ്റ് സേവനം തടയും.
ചൊവ്വാഴ്ച രണ്ടു സംഭവങ്ങളിലായി നാലുപേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബിഷ്ണുപുർ ജില്ലയിൽ വീടിനു നേരേയുണ്ടായ ബോംബാക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സ്ഥലത്തെ സിആർപിഎഫ് ക്യാന്പിലേക്ക് ജനക്കൂട്ടം ഇരച്ചുകയറിയതിനെത്തുടർന്നുണ്ടായ വെടിവയ്പിലാണു രണ്ടു ഗ്രാമവാസികൾ കൊല്ലപ്പെട്ടത്. ഇതോടെ താഴ്വരയിൽ കലാപം വ്യാപിക്കുകയായിരുന്നു.
ക്രമസമാധാന നില വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിൽ ഇന്നലെ സർവകക്ഷിയോഗം ചേർന്നു.
Tags : Valley Manipur high alert Bomb Blast