ന്യൂഡൽഹി: രാജ്യസഭയിൽ ഭരണഘടനാ ഭേദഗതികൾ പാസാക്കാനാവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് എൻഡിഎക്ക് ഇപ്പോഴും 18 എംപിമാരുടെ കുറവ്. എൻഡിഎയുടെ രാജ്യസഭയിലെ അംഗസംഖ്യ ഇപ്പോൾ 148 ആണ്.
രാജ്യസഭയിൽ ബിജെപി 113 എംപിമാരുമായി ഏറെ മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 29 എംപിമാരേയുള്ളൂ. തൃണമൂൽ കോണ്‍ഗ്രസ് 13, ഡിഎംകെ എട്ട് എന്നീ പാർട്ടികളാണു മൂന്നും നാലും സ്ഥാനത്ത്.
ആറ് എംപിമാരുളള ബിജെഡി പ്രതിപക്ഷത്താണെങ്കിലും ഇന്ത്യ സഖ്യത്തിൽ അംഗമല്ല. സിപിഎം, എഎപി, ബിആർഎസ്, ആർജെഡി, നാഷണൽ കോണ്‍ഫറൻസ് മൂന്നു വീതം, സിപിഐ, മുസ്ലിം ലീഗ്, ടിഡിപി, ശിവസേന, ജഐംഎം രണ്ടു വീതം എംപിമാരുണ്ട്.
കേരള കോണ്‍ഗ്രസ്എം, പവാറിന്റെ എൻസിപി, ഉദ്ധവിന്റെ ശിവസേന, പിഎംകെ, ആർഎൽഡി തുടങ്ങിയ പാർട്ടികൾക്ക് ഓരോ എംപിമാരുമായി രാജ്യസഭയിൽ സാന്നിധ്യമുണ്ട്. എൻഡിഎ കക്ഷിനില: ബിജെപി 113, എഐഎഡിഎംകെ 5, ജെഡിയു 4, എൻസിപി 4, ശിവസേന 2, ടിഡിപി 2, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി 2, രാഷ്ട്രീയ ലോക് മോർച്ച, ആർഎൽഡി, ജെഡിഎസ്, എജിപി, ആർപിഐ, എംഎൻഎഫ്, എൻപിപി, പിഎംകെ ഓരോന്നു വീതം. ഇതുവരെ ബിജെപിയിൽ ചേരാത്ത ഏഴു നോമിനേറ്റഡ് അംഗങ്ങളും സ്വതന്ത്രനായ കാർത്തികേയ ശർമയും എൻഡിഎ പക്ഷത്തുണ്ട്.
Tags : NDA 18 seats two-thirds majority