ന്യൂഡൽഹി: നീറ്റ് ബയോളജി ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട പൂനയിലെ ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയെ സിബിഐ ഡൽഹിയിൽ അറസ്റ്റ് ചെയ്തു.
കേസിലെ പ്രധാന പ്രതിയായ കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒന്‍പതായി.
പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വിദഗ്ധയായി നിയമിച്ച മനീഷ ഗുരുനാഥ് മന്ധാരെയും നീറ്റ് പ്രവേശന പരീക്ഷയുടെ പ്രക്രിയയിൽ പങ്കാളിയായിരുന്നു.
നേരത്തേ അറസ്റ്റിലായ പൂനയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മെറെ വഴിയാണു മനീഷ നീറ്റ് ഉദ്യോഗാർഥികളുമായി ബന്ധപ്പെട്ടത്. നിരവധി വിദ്യാർഥികൾക്ക് മനീഷയുടെ വീട്ടിൽ കോച്ചിംഗ് ക്ലാസുകൾ നൽകിയിരുന്നു.
ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾ മനീഷ വിദ്യാർഥികൾക്കായി വെളിപ്പെടുത്തിയിരുന്നു. വിദ്യാർഥികളുടെ നോട്ട്ബുക്കുകളിൽ ചോദ്യവും ഉത്തരവും എഴുതിപ്പിക്കുകയും പാഠപുസ്തകങ്ങളിൽ മാർക്ക് നൽകുകയും ചെയ്തുവെന്ന് സിബിഐ പറഞ്ഞു.
കെമിസ്ട്രി, ബയോളജി ചോദ്യപേപ്പറുകളാണ് പ്രധാനമായും ചോർത്തി വിവിധ കോച്ചിംഗ് ക്ലാസുകളിൽ നൽകിയത്. വിദ്യാർഥികളിൽനിന്നു വൻതുക വാങ്ങിയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയത്. നീറ്റ് പേപ്പർ ചോർച്ചയുടെ അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ ആറു കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.
ലാപ്ടോപ്പുകൾ, ചോദ്യവും ഉത്തരവും അടങ്ങിയ രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഇടനിലക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

ന്യൂഡൽഹി: മെഡിക്കൽ നീറ്റ് ചോദ്യപേപ്പറുകൾ ചോർത്തിക്കൊടുത്ത് വിദ്യാർഥിനിയുമായി അശ്ലീല ഫോണ്‍ സംഭാഷണം നടത്തുകയും വശീകരിക്കാൻ ശ്രമിക്കുകയും ചെയ്ത ലക്നോ സർവകലാശാലയിലെ പ്രഫസർ പരംജീത് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.
"പ്രിയേ നിനക്കായി'' എന്ന അഭിസംബോധനയോടെ വിദ്യാർഥിനിക്ക് അയച്ച അശ്ലീല സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് അറസ്റ്റ്.
ലക്നോ സർവകലാശാലയിലെ സുവോളജി അസിസ്റ്റന്റ് പ്രഫസറാണ് പരംജീത്. അവസാനവർഷ ബിഎസ്സി വിദ്യാർഥിനിയോട് ഇയാൾ ലൈംഗികാഭിലാഷം അറിയിച്ച് വീട്ടിലേക്കു വരാൻ ആവശ്യപ്പെട്ടു. "പ്രിയേ, ഞാൻ നിനക്കു പരീക്ഷാപേപ്പർ ഒരുക്കിയിട്ടുണ്ട്.
പരീക്ഷയ്ക്കുമുന്‍പായി വരൂ. ഞാനതു നിനക്ക് ഇവിടെ തരാം'' എന്നു ടെലിഫോണ്‍ സന്ദേശത്തിൽ ഇയാൾ പറയുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
വിദ്യാർഥിനിയെ വശീകരിക്കാൻ ശ്രമിച്ച കുറ്റാരോപിതനായ പ്രഫസറെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു സർവകലാശാലാ കാന്പസിൽ വിദ്യാർഥികൾ പ്രകടനം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ആഭ്യന്തര പരാതിപരിഹാര സമിതിയോടു നിർദേശിച്ചതായി വൈസ് ചാൻസലർ ജെ.പി. സൈനി അറിയിച്ചു. പരീക്ഷാകണ്‍ട്രോളർ വിദ്യാനന്ദ് ത്രിപാഠി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നായിരുന്നു പരംജീതിനെ അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ (എൻടിഎ) സുപ്രധാന നിയമനങ്ങള്‍.
എൻടിഎ ജോയിന്റ് സെക്രട്ടറിമാരായി ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് ഉദ്യോഗസ്ഥ അനുജ ബാപതിനെയും ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥ രുചിത വിജിനെയും നിയമിച്ചു.
ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന് ആകാശ് ജെയിനെയും ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസ് ഉദ്യോഗസ്ഥന് ആദിത്യ രാജേന്ദ്ര ഭോജാധിയെയും ജോയിന്റ് ഡയറക്ടർമാരായും നിയമിച്ചിട്ടുണ്ട്.നിയമനത്തിന് കാബിനറ്റിന്റെ അപ്പോയ്ന്റ് കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചു.