ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷകളിലെ ഉത്തരസൂചികകൾ പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച നയം വെളിപ്പെടുത്താൻ ദേശീയ പരീക്ഷാബോർഡിന് (എൻബിഇ) സുപ്രീംകോടതിയുടെ നിർദേശം.
വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. നീറ്റ് പിജി പരീക്ഷയുടെ സുതാര്യതയിൽ ചോദ്യമുയർത്തിയുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ഉത്തരസൂചികകൾ പ്രസിദ്ധീകരിക്കണമോ എന്നതിൽ പരീക്ഷാബോർഡിന്റെ ഔദ്യോഗിക നിലപാട് കോടതി തേടിയത്.
ഉത്തരസൂചികകളും നെഗറ്റീവ് മാർക്കിനുമുന്പുള്ള യഥാർഥ സ്കോറുമടക്കം (റോ സ്കോർ) പുറത്തുവിട്ട് നീറ്റ് പിജിയുടെ മൂല്യനിർണയപ്രക്രിയ കൂടുതൽ സുതാര്യമാക്കണമെന്നായിരുന്നു ഹർജികളിൽ ആവശ്യപ്പെട്ടിരുന്നത്. ഇത്തരം വിവരങ്ങളുടെ അഭാവം ഫലങ്ങളുടെ കൃത്യതയെ സംബന്ധിപ്പിച്ച് പരീക്ഷാർഥികളിൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ടെന്ന് ഹർജിക്കാർ വാദിക്കുന്നു.
എന്നാൽ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചാൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ അവരുടെ സാന്പത്തികനേട്ടത്തിനായി ഉപയോഗിക്കുമെന്നാണ് എൻബിഇ വാദിക്കുന്നത്. ഇത് പരീക്ഷയുടെ ഗുണനിലവാരത്തിലും രഹസ്യസ്വഭാവത്തിലും വിട്ടുവീഴ്ചയ്ക്കിടയാക്കുമെന്നും എൻബിഇ വാദിക്കുന്നു.
Tags : NEET PG Supreme Court publishing answer keys NBE National Exam Board